അബുദാബി: യു.എ.ഇ.യുടെ ദേശീയ സുരക്ഷാപ്രദര്‍ശനം സമാപിച്ചു. സായുധസേനയുടെ ഏറ്റവും പുതിയ സങ്കേതങ്ങള്‍ ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുക, ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള സായുധസേനാ ഉപകരണങ്ങള്‍ക്ക് പ്രദര്‍ശനവേദിയാവുക എന്നീ ലക്ഷ്യത്തോടെയാണ് സുരക്ഷാ പ്രദര്‍ശനം ഐ.എസ്.എന്‍.ആര്‍. സംഘടിപ്പിക്കപ്പെട്ടത്.

അടിയന്തരസാഹചര്യങ്ങളിലെ സേനയുടെ പ്രവര്‍ത്തനങ്ങള്‍, പ്രഥമ ശുശ്രൂഷ നല്‍കുന്ന രീതികള്‍, പരിശോധനാരീതികള്‍, വ്യത്യസ്ത ഉപകരണങ്ങളുടെ ഉപയോഗങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തില്‍ വിശദീകരിച്ചു. 'മാതൃഭൂമിയുടെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വം' എന്ന ആശയത്തില്‍ അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടന്നത്.

യു.എ.ഇ. ഇന്നൊവേഷന്‍ പുരസ്‌കാര ജേതാക്കള്‍ക്ക് ചടങ്ങില്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു. യു.എ.ഇ.യുടെ വിവിധ എമിറേറ്റുകളിലെ കോളേജുകളില്‍ നിന്നുള്ള 275-ഓളം വിദ്യാര്‍ഥികളാണ് ഇന്നൊവേഷന്‍ പദ്ധതിയുടെ ഭാഗമായിരുന്നത്. കോളേജ് വിഭാഗത്തില്‍ ഹയര്‍ കോളേജസ് ഓഫ് ടെക്‌നോളജി മദീനത് സായിദ് വുമണ്‍സ് കോളേജ് ഒന്നാമതായി.
 
സ്മാര്‍ട്ട് ഇവാക്വേഷന്‍ സംവിധാനത്തിന്റെ കണ്ടെത്തലിലാണ് പുരസ്‌കാരം. ഹയര്‍ കോളേജസ് ഓഫ് ടെക്‌നോളജി റാസല്‍ ഖൈമ വുമണ്‍സ് കാമ്പസ് രണ്ടാമതെത്തി. ലോങ്ങ് റേഞ്ച് വയര്‍ലെസ് സംവിധാനത്തിനാണ് പുരസ്‌കാരം. അബുദാബി വുമണ്‍സ് കാമ്പസിനാണ് മൂന്നാംസ്ഥാനം. റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരായുള്ള സ്മാര്‍ട്ട് സംവിധാനമാണ് പുരസ്‌കാരം.

സ്‌കൂള്‍ വിഭാഗത്തില്‍ അല്‍ ഐനില്‍നിന്നുള്ള മോസ ഖല്‍ഫാന് 'യങസ്റ്റ് ഇന്‍വെന്റര്‍' പുരസ്‌കാരം ലഭിച്ചു. സിവില്‍ ഡിഫന്‍സ് രംഗങ്ങളില്‍ സഹായകരമാവുന്ന എമര്‍ജന്‍സി റോബോട്ടിന്റെ കണ്ടെത്തലിന് അല്‍ റഫ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാമതെത്തി. സ്മാര്‍ട്ട് കിഡ് ചെയര്‍ സംവിധാനത്തിന് അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂള്‍ രണ്ടാമതെത്തി. ശ്വാസംമുട്ടലുകളില്‍നിന്ന് രക്ഷനല്‍കുന്ന സംവിധാനത്തിന്റെ കണ്ടെത്തലിന് ബഅല്‍ ബാദിയ സെക്കന്‍ഡറി സ്‌കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.