അബുദാബി: ആത്മീയതയ്‌ക്കൊപ്പം സംഗീതവും കൂടെ കൂട്ടിയ വൈദികനാണ് അബുദാബി സെയ്ന്റ് സ്റ്റീഫന്‍സ് യാക്കോബായ സിറിയന്‍ ചര്‍ച്ചിലെ വികാരിയായ ഫാ. ജിജര്‍ എബ്രഹാം. കുട്ടിക്കാലംമുതല്‍ സംഗീതത്തോടുണ്ടായിരുന്ന അതിയായ താത്പര്യം തന്നെയാണ്, വൈദികവൃത്തിക്കിടയിലും ഇത് തുടരാന്‍ അച്ചനെ പ്രേരിപ്പിക്കുന്നത്. ഇപ്പോഴാകട്ടെ ഇടവകക്കാരുടെ പാട്ടുകാരനച്ചനാണ് ഫാ. ജിജര്‍ എബ്രഹാം.

കര്‍ണാടകയിലെ മംഗലാപുരം നെല്ലിയാടി സ്വദേശിയായ ഫാ. ജിജര്‍ എബ്രഹാം അബുദാബി സെയ്ന്റ് സ്റ്റീഫന്‍സ് യാക്കോബായ സിറിയന്‍ പള്ളിയുടെ മേല്‍നോട്ടം വഹിക്കുകയാണ്. ചെറുപ്പം മുതല്‍ സംഗീതത്തോട് വലിയ താത്പര്യമായിരുന്നു. അതുകൊണ്ടുതന്നെ പഠനകാലംമുതല്‍ കലാവേദികളിലും, പള്ളിയിലെ ഗായകസംഘത്തിലുമൊക്കെ സജീവമായിരുന്നു ഫാ. ജിജര്‍. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെയാണ് പത്തിലധികം ഭാഷകളില്‍ പാടുന്നത്. എത്ര തിരക്കായാലും ഇടവകയിലും പുറത്തുമായി യുവജന പ്രസ്ഥാനങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം പാട്ടുപാടാനും പരിശീലിപ്പിക്കാനും നിരവധി വിദേശ രാജ്യങ്ങളില്‍വരെ യാത്രചെയ്യുന്ന വൈദികനാണ് ജിജിന്‍.

കര്‍ണാടക, ഹരിയാണ, ഡല്‍ഹി എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി 14 വര്‍ഷത്തിലധികമായി വൈദികസേവനം അനുഷ്ഠിക്കുന്ന ഫാദര്‍ നിരവധി ഭക്തിഗാന ആല്‍ബങ്ങളും തയ്യാറാക്കിയിട്ടുണ്ട്. തന്റെ അടുത്ത ആല്‍ബത്തിന്റെ തയ്യാറെടുപ്പിലാണ് ഇപ്പോള്‍. അവസരം കിട്ടിയാല്‍ സിനിമയിലും ഒരുകൈ നോക്കാന്‍തന്നെയാണ് ഈ പാട്ടുകാരന്‍ വൈദികന്റെ ആഗ്രഹം.

മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. എറണാകുളം ജില്ലയിലെ മുളംതുരുത്തി വെട്ടിക്കല്‍ വൈദിക സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. കര്‍ണാടകയിലെ മൂഡ് വിതുറൈ, വിദ്യോദയ കോളേജ് ഓഫ് എജുക്കേഷന്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി നാലുവര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹരിയാണയിലെ ഭരതാബാദ് ധര്‍മജ്യോതി വിദ്യാപീഠ് മാര്‍ത്തോമാ വൈദിക സെമിനാരിയില്‍ മനഃശാസ്ത്ര അധ്യാപകനായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു.

കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറിയ കുടുംബത്തിലെ എബ്രഹാം, ഏലിയാമ്മ ദമ്പതിമാരുടെ മകനാണ്. മാര്‍ത്തോമാസഭയിലെ വൈദികര്‍ക്ക് വിവാഹം കഴിക്കാനുള്ള അനുവാദമുണ്ട്. കര്‍ണാടകയില്‍ അധ്യാപികയാണ് ഭാര്യ സൗമ്യ, മക്കളായ ഷാരോനും ഷോണും അച്ഛന്റെ സംഗീതത്തിന് പൂര്‍ണപിന്തുണ നല്‍കുന്നു. കൂടാതെ സഭയിലെ സഹപുരോഹിതരുടെയും തിരുമേനിമാരുടെയും പിന്തുണയും ജിജിനച്ചന് ധാരാളമുണ്ട്. ഏതു ഭാഷയിലെ പാട്ടായാലും മെലഡികളാണ് അച്ചന് പ്രിയം.

ഗാനഗന്ധര്‍വന്‍ യേശുദാസും ക്രിസ്തീയ ഭക്തിഗായകനായ കെസ്റ്ററുമാണ് ഇഷ്ട ഗായകര്‍. പഠനകാലഘട്ടങ്ങളില്‍ യൂണിവേഴ്‌സിറ്റി തലങ്ങളില്‍ പോലും കലാ പ്രതിഭയായി ശോഭിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.