പാട്ടിന്റെ പാലാഴി നീന്തിക്കയറിയ എ.ആര്‍. റഹ്മാന്റെ മാസ്മരികസംഗീതത്തിന് പറയാന്‍ കഥകളേറെയുണ്ട്. റഹ്മാന്‍ സംഗീതംനല്‍കിയ പാട്ടുകളിലെ വരികളിലുമുണ്ട് കൗതുകമുള്ള ചിലകാര്യങ്ങള്‍. ഒട്ടുമിക്കപാട്ടുകളിലും ആദ്യ വരി ആവര്‍ത്തിച്ചുവരും. അതിന് ജീവന്‍പകരുന്ന മാന്ത്രിക ഈണംതന്നെയാണ് പിന്നീട് പാട്ടിനെഹിറ്റാക്കുന്നത്. ആദ്യ ജനപ്രിയഗാന തൊട്ട് അറിഞ്ഞോ അറിയാതെയോ ഈ കൗതുകം റഹ്മാന്‍ സംഗീതത്തിനുണ്ട്.

മലയാളിയായ മിന്‍മിനിയുടെ ശബ്ദത്തില്‍ പിറന്ന ചിന്ന ചിന്ന ആസൈ, എസ്.പി. ബാലസുബ്രഹ്മമണ്യവും സുജാതയും ആലപിച്ച റുക്കുമണി...റുക്കുമണി, അരവിന്ദ് സ്വാമിയും മനീഷ കൊയരാളയും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളൊരുക്കിയ ബോംബെയിലെ ഹമ്മ ഹമ്മ ഹമ്മ, ഉയിരേ..ഉയിരേ. കുച്ചികുച്ചി റാക്കമ്മ.... സംഗീത സംവിധാനത്തിന്റെ തുടക്ക മുതലുള്ള ഈ പ്രത്യേകത തുടര്‍ഗാനങ്ങളിലും റഹ്മാന്‍ സംഗീതത്തിന് വേറിട്ടൊരു ഈണം നല്‍കുന്നുണ്ട്.

രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും മലയാളികളുടെ അടിച്ചുപൊളിപാട്ടില്‍ ഇഷ്ടഗാനമായ് തുടരുന്ന ഷങ്കര്‍ ചിത്രം കാതലനിലെ ഊര്‍വ്വസി.. ഊര്‍വ്വസി എന്നഗാനവും, ഡ്യുയറ്റിലെ അഞ്ജലി അഞ്ജലി എന്ന പ്രണയാര്‍ദ്ര ഗാനവുമൊക്കെ വാക്കുകളിലെ ഇരട്ടിപ്പിന്റെ സംഗീതം കൊണ്ട് മനസ്സില്‍പ്പതിഞ്ഞവയാണ്. പ്രണയത്തിന്റെ നിറവുംമണവും പകര്‍ന്നുനല്‍കിയ മണിരത്‌നം ചിത്രം അലൈപ്പായുതേയിലുമുണ്ട് ഇതേസാമ്യം. സ്‌നേഹിതനേ...സ്‌നേഹിതനേ...,പച്ചൈ നിറമേ..പച്ചൈ നിറമേ....ആവര്‍ത്തിച്ചുള്ള പറച്ചിലിനുനല്‍കുന്ന ഹൃദയ സംഗീതം അതുതന്നെയാണ് കേവല വരികളെ ഹൃദയസ്​പര്‍ശിയാക്കുന്നത്.
 
സുഹാസിനിയുടെ കൈയൊപ്പു പതിഞ്ഞ ഇരുവറില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ഗാനത്തിനും ഈയൊരു സവിശേഷതയുണ്ട്. നറുമുഗയേ...നറുമുഗയേ എന്നുതുടങ്ങുന്നു വരികള്‍. ബോളിവുഡ് താരം തബുവും അബ്ബാസും വിനീതും മത്സരിച്ചഭിനയിച്ച കാതല്‍ ദേശത്തിലെ മുസ്തഫ...മുസ്തഫ പുതുതലമുറകൂടി ഏറ്റുപാടുന്ന ഗാനമാണ്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സിനിമകളിലും ആവര്‍ത്തിച്ചുള്ള വാക്കുകള്‍ തീര്‍ക്കുന്ന പൊടിപാറും പാട്ടുകള്‍ റഹ്മാന്‍ സംഗീതത്തില്‍ പിറന്നിട്ടുണ്ട്.

മുത്തുവിലെ തില്ലാന തില്ലാന....ഒരുവന്‍ ഒരുവന്‍ മുതലാളി, ശിവാജിയിലെ വൈരമുത്തുവിന്റെ വാജി...വാജി..വാജി...ജീവന്‍ സിവാജി, യന്ത്ര മനുഷ്യന്റെ പ്രണയ ഭാഷ മനസ്സിനെ തൊട്ടുലച്ച യന്തിരനിലെ അരിമാ...അരിമാ..ഇവയൊന്നും തന്നെ യാദൃശ്ചികമായുണ്ടായ പാട്ടുകളല്ല- എ.ആര്‍. റഹ്മാന്‍ മാജിക് എന്ന് തന്നെ നമുക്കതിനെ വിളിക്കാം.

ഹിന്ദി സിനിമാഗാനത്തിലും ഈ റഹ്മാന്‍ മാന്ത്രികത കേട്ടാസ്വദിക്കാം. മണിരത്‌നം ചിത്രമായ ദില്‍സേയില്‍ എ.ആര്‍. റഹ്മാന്‍ സംഗീതമൊരുക്കിയ ദില്‍സേ രേ.....ദില്‍സേ രേ..., ഇതേ ചിത്രത്തില്‍ തീവണ്ടിയുടെ മുകളില്‍ കയറിയിരുന്ന് കിങ്ഖാന്‍ ഷാരൂഖ് സാഹസികമായി അഭിനയിച്ച ഗാനരംഗമായ ചയ്യ ചയ്യ ചയ്യ....ഒരേ ചിത്രത്തില്‍തന്നെ ഒട്ടും ആവര്‍ത്തന വിരസതയില്ലാതെ മദ്രാസ് മൊസാര്‍ട്ട് ഒരുക്കിയ സുന്ദര ഗാനങ്ങള്‍. രംഗ്‌ദേ ബസന്തിയിലെ രംഗ് ദേ ബസന്തി.... ഗുരുവിലെ ബര്‍സോ രേ മേഘാ മേഘാ, മുഗള്‍ രാജവംശത്തിന്റെ കഥപറഞ്ഞ ചരിത്രചിത്രം ജോധാ അക്ബറിലെ ക്വാജാ മേരേ ക്വാജാ അങ്ങനെ കൗതുകമുള്ള അനവധിഗാനങ്ങള്‍. ഓസ്‌കര്‍ തിളക്കത്തിലെത്തിച്ച സ്ലം ഡോഗ് മില്യണര്‍ എന്ന ചിത്രത്തിനുമുണ്ട് വരികളുടെ ഇരട്ടിപ്പിനുനല്‍കിയ ശ്രദ്ധേയസംഗീതം. ജയ് ഹോ എന്ന ടൈറ്റില്‍ ഗാനം ഒരു ജനത ഏറ്റുപാടിയതും പിന്നീടത് ലോകസിനിമയുടെ സംഗീതലോകത്ത് കൈയൊപ്പ് പതിപ്പിച്ചതും റഹ്മാന്‍ എന്ന പ്രതിഭയുടെ തിളക്കത്തിന്റെ തെളിവാണ്....

കാത്തിരിക്കാം വീണ്ടും ആ മാസ്മരിക സംഗീതത്തിനായ്... മാര്‍ച്ച് പതിനേഴ് വരെ.