ദുബായ്:  യുഎഇയില്‍ ജോലി ചെയ്യുന്ന മന്‍സൂര്‍ എന്ന പ്രവാസിക്ക് അത് ജീവിതത്തിൽ മറക്കാനാവാത്ത ദിവസമായിരുന്നു.  ക്ലബ് എഫ്.എമ്മിന്റെ യു. എ. ഇ.യിലെ സ്റ്റുഡിയോയിലേയ്ക്ക് വിളിച്ച മൻസൂറിനെ വരവേറ്റത് ഒരു കിളിനാദമായിരുന്നു. മിനിറ്റുകളോളം തന്നോട് കൊഞ്ചിക്കുഴഞ്ഞ ആ കിളിനാദത്തിന്റെ ഉടമ സാക്ഷാൽ മമ്മൂട്ടിയാണെന്ന് അറിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി മൻസൂർ. മിമിക്രിയിലുള്ള തന്റെ കഴിവ് കൊണ്ട് മൻസൂറിനെ മാത്രമല്ല, ക്ലബ് എഫ്.എമ്മിന്റെ അണിയറ പ്രവർത്തകരെയും ശരിക്കും ഞെട്ടിച്ചു മലയാളത്തിന്റെ മെഗാസ്റ്റാർ.

മമ്മൂട്ടിയുടെ ഘനഗംഭീര ശബ്ദം പ്രതീക്ഷിച്ചാണ് മൻസൂർ സ്റ്റുഡിയോയിലേയ്ക്ക് വിളിച്ചത്. ഫോൺ എടുത്തത് മമ്മൂട്ടി തന്നെ. പെണ്ണിന്റെ ശബ്ദത്തിൽ മമ്മൂട്ടി ചോദിച്ചു, അതും പ്രദീപ് കോട്ടയത്തിന്റെ ഹിറ്റ്ശൈലിയിൽ: മമ്മൂക്കയൊണ്ട്, പ്രദീപ് ബായ് ഒണ്ട്... പിന്നെ, ഫാമിലി ഒക്കെ ഇവിടെയുണ്ടോ... മമ്മൂക്ക ഫാനാണോ എന്നിങ്ങിനെ കുറേ ചോദ്യങ്ങള്‍... ഒരു ഒന്നാന്തരം റേഡിയോ ജോക്കിയായി കസറുകയായിരുന്നു കുറച്ചു നേരം മമ്മൂട്ടി.

ഇതിനിടെ  മന്‍സൂര്‍ വാഹനം ഓടിച്ചുകൊണ്ടാണ് സംസാരിച്ചതെന്നു മനസിലാക്കിയ മമ്മൂട്ടി ഉപദേശ രൂപത്തില്‍ ശാസിക്കാനും മറന്നില്ല. മന്‍സൂറിനോട്‌ പോലീസുകാരനെ വിളിച്ച് ഫൈനടിയ്ക്കാന്‍ പറയട്ടെയെന്നായി മമ്മൂട്ടി. വണ്ടിയോടിക്കുമ്പോള്‍  ഫോണ്‍ ചെയ്യാന്‍ പാടില്ലെന്നു മന്‍സൂറിനെ ഉപദേശിക്കാനും മറന്നില്ല. വണ്ടി നിര്‍ത്തിയിട്ട് സംസാരിക്കാമെന്നു മന്‍സൂര്‍ പറഞ്ഞപ്പോള്‍  നടുറോഡിലൊന്നും നിര്‍ത്തരുത് സൈഡില്‍ മാറ്റിനിര്‍ത്തിയിട്ട് സംസാരിക്കെന്നായി മമ്മൂട്ടി. ഹാന്‍സ് ഫ്രീ ഫോണാണ് ഉപയോഗിക്കുന്നതെന്നു മന്‍സൂര്‍ പറഞ്ഞപ്പോള്‍ എന്നാല്‍ അതിന്റെ ഫോട്ടോ എടുത്ത് അയക്കൂ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

സ്വന്തമായി വാഹനമോടിച്ചാണ് മീഡിയ സിറ്റിയിലുള്ള ക്ലബ് എഫ്എം ഓഫീസിലേക്ക് മമ്മൂട്ടിയെത്തിയത്. മാതൃഭൂമി മാനേജിങ്ങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍, സീനിയര്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ മമ്മൂട്ടിയെ സ്വീകരിച്ചു. റേഡിയോ ജോക്കികള്‍ വെണ്ണിലാ ചന്ദന കിണ്ണം പാടി സ്റ്റുഡിയോയിലേക്ക് സ്വീകരിച്ചത്.  അണിയറ പ്രവര്‍ത്തകരോട് കുശലാന്വേഷണം നടത്തിയ ശേഷമാണ് മമ്മൂട്ടി ക്ലബ് എഫ്എമ്മിനോട് യാത്രപറഞ്ഞത്. 

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ക്ലബ് എഫ്എം യുഎഇയില്‍ പ്രക്ഷേപണം ആരംഭിച്ചത്. യുവത്വത്തിന്റെ ഹരം ദുല്‍ഖര്‍ സല്‍മാനാണ് ക്ലബ് എഫ്എം യുഎഇയുടെ ബ്രാൻഡ് അംബാസിഡര്‍. ദുല്‍ഖറിന്റെ ശബ്ദത്തിലൂടെയാണ് യുഎഇയുടെ ശബ്ദതരംഗങ്ങളിലേക്ക് ക്ലബ് എഫ്. എമ്മും ചേക്കേറിയത്.