ദുബായ്: തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിമാനം ഇറങ്ങുന്നതിനിടയില്‍ തീപിടിച്ചു. മുഴുവന്‍ യാത്രക്കാരെയും പെട്ടെന്ന് ഇറക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആളപായമില്ല . വിമാനത്തില്‍ 282 യാത്രക്കാരും 18 ജീവനക്കാരുമുണ്ടായിരുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു.

    ബുധനാഴ്ച ഉച്ചക്ക്  പ്രാദേശിക സമയം 12.50 ന് ( ഇന്ത്യന്‍ സമയം 2.20) ആയിരുന്നു അപകടം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ക്ക് മാത്രമായുള്ള ടെര്‍മിനല്‍ മൂന്നിലെ റണ്‍വെയിലേക്ക് ഇറങ്ങാനുള്ള ശ്രമത്തിനിടയില്‍ വിമാനത്തിന്റെ ടയറുകളിലൊന്ന് പൊട്ടുകയായിരുന്നു. പെട്ടെന്ന് തന്നെ അടിയന്തരമായി നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍  വിമാനത്തില്‍ നിന്ന് എമര്‍ജന്‍സി വാതിലുകളിലൂടെ യാത്രക്കാരെ പുറത്തിറക്കി. നിമിഷങ്ങള്‍ക്കകം തന്നെ വിമാനത്തിന്റെ മധ്യഭാഗത്തായി തീപിടിക്കുകയും ചെയ്തു. അപ്പോഴേക്കും വന്‍ രക്ഷാ സന്നാഹങ്ങളുമായി വിവിധ വിഭാഗങ്ങള്‍ വിമാനത്തിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. യാത്രക്കാര്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ വിമാനം വലിയ പൊട്ടലോടെ കത്തുകയായിരുന്നു. 

48 സെല്‍ഷ്യസ് ഡിഗ്രിയോളം വരുന്ന കടുത്ത ചൂടില്‍ ചുട്ടുപൊള്ളുകയായിരുന്ന റണ്‍വെയിലേക്ക് എടുത്തുചാടേണ്ടിവന്ന പലര്‍ക്കും കാലിനും ദേഹത്തും പൊള്ളലേറ്റു. രണ്ട് മണിക്കൂറിനകം തീ പൂര്‍ണ്ണമായും അണച്ചു. വിമാനം പൂര്‍ണ്ണമായി നിര്‍ത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാരെ പുറത്തേക്ക് ഇറക്കിവിട്ടതാണ് വലിയ അത്യാഹിതം ഒഴിവാകാന്‍ കാരണം.  ജീവന്‍ കൈയിലെടുത്ത് എല്ലാവരും ഓടുകയായിരുന്നു. തുടര്‍ന്ന് എല്ലാവരെയും  ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറ്റി. 

  അപകടത്തെ തുടര്‍ന്ന് ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ദുബായിലേക്ക് വരേണ്ടിയിരുന്ന മിക്ക വിമാനങ്ങളും പുതിയ ദുബായ് അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു. ചില വിമാനങ്ങള്‍ ഷാര്‍ജ, ഫുജൈറ, അബുദാബി വിമാനത്താവളങ്ങളിലേക്കും തിരിച്ചുവിട്ടിരുന്നു. ബോയിംഗ് 777 വിഭാഗത്തില്‍ പെട്ട വിമാനമാണ് കത്തിയത്. വിമാനം കത്തിയ ഉടന്‍ ഏറെനേരം കറുത്ത പുക ഉയരുന്നുണ്ടായിരുന്നു. വിമാനത്തിന്റെ മധ്യഭാഗം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയിട്ടുണണ്ട. നാല് മണിക്കൂറിന് ശേഷം വിമാനത്താവളം ഭാഗികമായി പ്രവര്‍ത്തനം പുനരാരംഭിച്ചു. എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എല്ലാ വിമാനങ്ങളും നാല് മണിക്കൂര്‍ മുതല്‍ അനിശ്ചിതമായി വൈകി. 

 തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.10നാണ് വിമാനം പുറപ്പെട്ടത്. അപകട വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളും സ്വീകരിക്കാനായി കാത്തുനിന്നവരും ഉള്‍പ്പെടെ എല്ലാവരും.
 
പരിഭ്രാന്തരായി. വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട് ടെര്‍മിനലില്‍ എത്തിയ എല്ലാവരും  ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലായിരുന്നു. നിരവധി വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന ടെര്‍മിനലില്‍ തീ പടരാതെ നോക്കാനായതും രക്ഷയായി.