ദുബായ്: ലോക ബാഡ്മിന്റണിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്ന ദുബായ് വേള്‍ഡ് സുപ്പര്‍സിരീസ് ഫൈനല്‍ ഡിസംബര്‍ ഒമ്പതിന് വ്യാഴാഴ്ച ദുബായില്‍ ആരംഭിക്കും. പുരുഷ വിഭാഗത്തിലെ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ചെന്‍ ലോംഗ്, വനിതാ വിഭാഗത്തിലെ ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ കരോലിന മറിന്‍, രണ്ടാം സീഡ് ഇന്ത്യയുടെ സൈനാ നെഹ് വാള്‍, ഇന്ത്യയുടെ തന്നെ കെ. ശ്രീകാന്ത് എന്നിവരുള്‍പ്പെടെ പ്രമുഖ താരങ്ങളാണ് വേള്‍ഡ് സൂപ്പര്‍ സിരീസിനായി ഇറങ്ങുന്നത്.
 
2008-ല്‍ ആരംഭിച്ച ബി.ഡബ്ല്യു.എഫ് വേള്‍ഡ് സൂപ്പര്‍ സീരീസില്‍ നിലവില്‍ ചൈനയുടെ ചെന്‍ ലോംഗും വനിതാ വിഭാഗത്തില്‍ തായ്‌പേയുടെ തായ് സു യിംഗുമാണ് ചാമ്പ്യന്മാര്‍. ഇതുവരെ സൈനക്ക് ഇവിടെ ജേതാവാകാന്‍ കഴിഞ്ഞിട്ടില്ല. ഒന്നാം നമ്പര്‍ താരമായ കരോലിനും രണ്ടാം നമ്പര്‍ സൈനയും നേരിട്ട് ഇവിടെ ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാകുമെന്നാണ് കണക്കുകൂട്ടല്‍. ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ 13-ന് ഞായറാഴ്ചയാണ് ഫൈനല്‍.
പുരുഷ-വനിതാ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ഓരോ വിഭാഗത്തിലെയും ആദ്യത്തെ എട്ട് സീഡുകളാണ് കളത്തിലിറങ്ങുന്നത്. പത്തുലക്ഷം അമേരിക്കന്‍ ഡോളറാണ് ആകെ സമ്മാനത്തുക.

ഷട്ടില്‍ ടൈം എന്ന സന്ദേശവുമായി ദുബായില്‍ ബാഡ്മിന്റണിന്റെ പ്രചാരത്തിനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ടൂര്‍ണമെന്റ് കൂടുതല്‍ കരുത്തേകുമെന്ന് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് പൗള്‍ എറിക് ഹോയര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സയീദ് ഹരേബ്, താരങ്ങളായ ചെന്‍ ലോംഗ്, കരോലിന മറിന്‍, സൈനാ നെഹ് വാള്‍ തുടങ്ങിയവരും സംബന്ധിച്ചു.