ദുബായ്: മലബാര്‍ ഡവലപ്‌മെന്റ് ഫോറം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സി.പി.എം നേതാവ് പിണറായി വിജയനെയും നേരില്‍ കണ്ട് നിവേദനം നല്‍കി. മീറ്റ് ദ ലീഡേഴ്‌സ് പരിപാടിയുടെ ഭാഗമായിട്ടായിരുന്നു നേതാക്കളെ നേരില്‍ കണ്ടത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പ്രവാസികളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുക, കരിപ്പൂരില്‍ നിര്‍ത്തലാക്കിയ എയര്‍ ഇന്ത്യ സര്‍വീസ് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. റണ്‍വേ നവീകരണം പൂര്‍ത്തിയായാല്‍ കരിപ്പൂരില്‍ കൂടുതല്‍ വിദേശ വിമാനങ്ങള്‍ ഇറക്കാനും ഹജ്ജ് ഹൗസ് മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലബാറിന്റെ കാര്‍ഷികമേഖലയ്ക്ക് ഗുണകരമാകുംവിധം കണ്ണൂര്‍ വിമാനത്താവളം വഴി കൂടുതല്‍ കാര്‍ഗോ വിമാന സര്‍വീസുകള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ വിമാനത്താവളം വന്നാല്‍ കരിപ്പൂര്‍ വിമാനത്താവളം അപ്രസക്തമാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഫോറം പ്രവര്‍ത്തകരായ എ.കെ. ഫൈസല്‍, അഡ്വ. സാജിദ്, അമ്മാര്‍ കീഴുപറമ്പ്, അന്‍വര്‍ നഹ, ഫൈസല്‍ മേലടി, സഅദ് പുറക്കാട്, ഹാരിസ് നീലാമ്പ്ര, അന്‍സാരി, റിയാസ് ഹൈദര്‍, ഹാരിസ് വെള്ളയില്‍ എന്നിവര്‍ സംബന്ധിച്ചു.