dubai satദുബായ്: ഭൂമിയുടെ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ പകര്‍ന്നുതരുന്ന ദുബായ് സാറ്റ്-2 രണ്ടാം വാര്‍ഷിക നിറവില്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപഗ്രഹം പകര്‍ത്തിയ പടങ്ങള്‍ യോജിപ്പിച്ച് ദുബായ് നഗരത്തിന്റെ ഒരൊറ്റ ചിത്രം തയ്യാറാക്കിയതായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എം.ബി.ആര്‍.എസ്.സി.) അറിയിച്ചു.
സെന്ററിന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ഭൗമനിരീക്ഷണ കൃത്രിമോപഗ്രഹമാണ് ദുബായ് സാറ്റ്-2. 2013 ഡിസംബറില്‍ റഷ്യയിലെ യാസ്‌നി ലോഞ്ച് ബേസില്‍ നിന്ന് ദ് നീപ്പര്‍ റോക്കറ്റാണ് ദുബായ് സാറ്റിനെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് പറന്നത്. റഷ്യന്‍ ഇന്റര്‍നാഷനല്‍ സ്‌പേസ് കമ്പനിയുടെ സഹകരണത്തോടെയായിരുന്നു ഇത്.

ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ കൃത്യതയോടെ പകര്‍ത്താന്‍ ദുബായ് സാറ്റ്-2ന് സാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 14 തവണ ഭൂമിയെ വലംവെയ്ക്കാന്‍ ഉപഗ്രഹത്തിനായി. ഇതിനിടെ അഞ്ചുതവണ ദുബായിയെ കടന്നുപോവുകയും ചെയ്തു. സ്വകാര്യ, പൊതു സ്ഥാപനങ്ങള്‍, വിദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ആവശ്യപ്രകാരം ചിത്രങ്ങള്‍ എടുത്തു നല്‍കുന്നുണ്ട്. ചിത്രങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് സാറ്റലൈറ്റ് ആപ്ലികേഷനുകള്‍ രൂപവത്കരിച്ചതായും എം.ബി.ആര്‍.എസ്.സി. വ്യക്തമാക്കി. സെന്ററിന് കീഴില്‍ മൂന്നാമതൊരു കൃത്രിമോപഗ്രഹം ഖലീഫ സാറ്റ് വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. പൂര്‍ണമായും ഇമാറാത്തി എന്‍ജിനീയര്‍മാരുടെയും ഗവേഷകരുടെയും നേതൃത്വത്തില്‍ നിര്‍മിക്കപ്പെടുന്ന ആദ്യ കൃത്രിമോപഗ്രഹമായിരിക്കും ഖലീഫ സാറ്റ്.