അബുദാബി: ക്രിസ്മസ് അടുക്കാറായതോടെ വിപണിയില്‍ കേക്ക് വില്‍പ്പനയും സജീവമായിരിക്കുകയാണ്. ക്രിസ്മസ് സ്‌പെഷ്യല്‍ ബോര്‍ഡും തൂക്കി ബേക്കറികളും ഷോപ്പിങ് മാളുകളും കേക്ക് കൊതിയന്മാരെ മാടി വിളിക്കുന്നു. ഉണക്ക മുന്തിരിയും ചെറിപ്പഴവും കൂട്ടി തയ്യാറാക്കുന്ന പ്ലം കേക്കുകളാണ് ചില്ലുകൂട്ടുകളിലെ താരങ്ങള്‍. പത്ത് ദിര്‍ഹമിന്റെ കുഞ്ഞന്‍ പ്ലം കേക്കുകള്‍ മുതല്‍ നൂറ് ദിര്‍ഹം വരെ വിലയുള്ളവ വിപണിയിലുണ്ട്. വലിപ്പം കൂടുന്നതിനനുസരിച്ച് വിലയും കൂടും. ക്രിസ്മസ് കാലത്തെ മഞ്ഞിനെ ഓര്‍മിപ്പിക്കുന്ന തൂവെള്ള ഐസിങ് കേക്കുകളാണ് മറ്റൊരു പ്രധാനയിനം. ഇതില്‍ സമ്മാനങ്ങളുമായി നില്‍ക്കുന്ന ചെറിയ സാന്താ അപ്പൂപ്പന്റെയും മാലാഖയുടെയുമെല്ലാം രൂപങ്ങള്‍ നിറയും. ക്രിസ്മസ് ട്രീയും പൂക്കളും നക്ഷത്രങ്ങളുമെല്ലാം കേക്കുകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. മറ്റേത് ആഘോഷത്തിലുമെന്ന പോലെ ക്രിസ്മസിനും കേക്കുകളും മധുര പലഹാരങ്ങളും വാങ്ങാനെത്തുന്നവരില്‍ ഇന്ത്യക്കാര്‍ തന്നെ മുന്‍നിരയില്‍. കേക്കിന്റെ ഇഷ്ടക്കാരായ മറ്റൊരു വിഭാഗം ഫിലിപ്പൈനികളാണ്.

അബുദാബിയിലെ പല ബേക്കറികളും ക്രിസ്മസിന് രണ്ടു മാസം മുന്‍പ്തന്നെ കേക്കുകള്‍ വിപണിയില്‍ എത്തിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും പള്ളികളില്‍ നിന്നുമെല്ലാം കേക്കുകളുടെ ഓര്‍ഡറെടുക്കുന്നത് മുതല്‍ കേക്കിനാവശ്യമായ ചേരുവകളും വിശേഷപ്പെട്ട ഉണങ്ങിയപഴങ്ങളും ലഭ്യമാക്കുന്നതു വരെ ഇതിലുള്‍പ്പെടും. ഉണക്കപ്പഴങ്ങള്‍ക്ക് പുറമെ, പഴുത്ത മാങ്ങ, ഓറഞ്ച്, കിവി, ചെറി, സ്‌ട്രോബെറി തുടങ്ങിയവയും കേക്കുകളില്‍ ഇടംപിടിക്കുന്നു. വിലയല്‍പ്പം കൂടിയ ഹണി കേക്ക്, റെഡ് വെല്‍വെറ്റ് കേക്ക്, വൈറ്റ്, ബ്ലാക്ക് ഫോറസ്റ്റ് കേക്ക്, ചീസ് കേക്ക് എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. സ്വദേശികളിലേറെയും ക്രീം നിറയെയുള്ള കേക്കുകളാണ് ചോദിച്ചെത്തുന്നതെന്ന് അബുദാബിയിലെ അല്‍ ഖയാം ബേക്കിങ് കമ്പനി ഡയറക്ടര്‍ ഷംസുദ്ധീന്‍ പറഞ്ഞു. നാലും അഞ്ചും പാളികളില്‍ ക്രീം നിറച്ച കേക്കുകള്‍ സ്വദേശികളുടെ പ്രിയ ഇനമാണ്.

ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബാനക്ക് ശേഷം കേക്ക് മുറിക്കുന്നതോടെയാണ് 25 ദിവസം നീണ്ട് നില്‍ക്കുന്ന വ്രതത്തിന് പരിസമാപ്തിയാവുക. ഇഷ്ടപ്പെട്ട കേക്കുകളില്‍ ക്രിസ്മസ് പുതുവത്സര ആശംസകള്‍ എഴുതി മനോഹരമായ വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുന്നതും ക്രിസ്മസിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ക്രിസ്മസിന് പിന്നാലെയെത്തുന്ന പുതുവത്സര ആഘോഷങ്ങള്‍ക്കും കേക്ക് അവിഭാജ്യ ഘടകമാണ്. ഡിസംബര്‍ മാസം ആദ്യം സജീവമാകുന്ന കേക്ക് വിപണി ജനവരി പാതിയോളം നീളും.