ഷാര്‍ജ: ഇച്ഛാശക്തി വീണ്ടെടുക്കുകയാണ് ഒരു അര്‍ബുദരോഗി ആദ്യം ചെയ്യേണ്ടതെന്ന് പ്രമുഖ അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കാന്‍സര്‍ രോഗത്തെക്കുറിച്ച് 101 ചോദ്യങ്ങള്‍' എന്ന വിഷയത്തിലായിരുന്നു മുഖാമുഖം.

25 വര്‍ഷം മുമ്പ് അര്‍ബുദം അപകടകാരിയായ രോഗമായിരുന്നു. എന്നാല്‍, പുതിയകാലത്ത് ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. ശരീരം പൂര്‍ണമായി രോഗത്തിന് കീഴടങ്ങിയെന്ന് ഒരു രോഗിക്ക് തോന്നുന്നതാണ് ഏറ്റവും വലിയ പരാജയം. കൃത്യമായ ചികിത്സയിലൂടെ മോചനം സാധ്യമാണെന്ന് ഓരോ രോഗിക്കും ആത്മവിശ്വാസമുണ്ടാകണം.
 
പുകയില, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ചികിത്സിച്ചു ഭേദമാക്കിയ നിരവധി രോഗികളുടെ ചിത്രങ്ങള്‍ ഡോ. ഗംഗാധരന്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഡോ. ഗംഗാധരനൊപ്പം അദ്ദേഹത്തിന്റെ പത്‌നിയും കേരളത്തിലെ ഏക യൂറോളജിസ്റ്റുമായ ഡോ. ചിത്രതാരയും മുഖാമുഖത്തില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന വിവിധ രോഗങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു.