ഷാര്‍ജ: ഷാര്‍ജ പുസ്തകോത്സവത്തില്‍ വായനക്കാരെ മാത്രമല്ല, സന്ദര്‍ശകരെയും ആകര്‍ഷിക്കുന്നു പെറുവില്‍നിന്നെത്തിയ കുഞ്ഞന്‍ പുസ്തകങ്ങള്‍. പെറുവിലെ ഒരു പ്രസാധകരാണ് ഇത് ഷാര്‍ജയിലെത്തിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകങ്ങളായാണ് ഇവ അറിയപ്പെടുന്നത്. സ്​പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളിലാണ് പുസ്തകങ്ങള്‍. വിശ്വപ്രശസ്തമായ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, ഈസോപ്പ് കഥകള്‍ തുടങ്ങി അഞ്ഞൂറിലേറെ വരുന്ന വലിയൊരു നിര പുസ്തകങ്ങളുടെ കുഞ്ഞന്‍രൂപങ്ങള്‍ ഇവിടെ അണിനിരത്തിയിട്ടുണ്ട്.

കൗതുകത്തിന് ഇവ വാങ്ങിക്കുന്നവരും ധാരാളം. ഇവ സൂക്ഷിക്കാനുള്ള മരത്തിന്റെ പേടകങ്ങളും പുസ്തകത്തോടൊപ്പം ലഭിക്കും. നാല്‍പ്പതിലേറെ ജീവനക്കാര്‍ കൈകൊണ്ട് നിര്‍മിക്കുന്നവയാണ് ഇതെല്ലാം.
സ്ഥാപനത്തിന്റെ ഉടമ സുഹൃത്തിന് സമ്മാനിക്കാനായാണ് ആദ്യമായി ഒരു കൊച്ചുപുസ്തകം നിര്‍മിച്ചത്. കൗതുകക്കാഴ്ച കാണാന്‍ ധാരാളംപേര്‍ എത്തിയപ്പോള്‍ പ്രസാധകന്‍ പിന്നെ അത് വാണിജ്യാടിസ്ഥാനത്തില്‍തന്നെ നിര്‍മിച്ചുതുടങ്ങി.