ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാദ്യമായാണ് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡാനിയല്‍ ബാബുപോള്‍ അതിഥിയായെത്തുന്നത്. കേരളത്തിലെ രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം ചില പ്രവചനങ്ങളും നടത്താന്‍ തയ്യാറായി.
യു.എ.ഇ.യിലെത്തിയ അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് മുമ്പിലായിരുന്നു ആദ്യ പ്രഭാഷണം നടത്തിയത്. ഒരു ഭരണാധികാരിതന്നെ പുസ്തകോത്സവത്തിന് നേരിട്ട് നേതൃത്വം കൊടുക്കുന്നതിന് ഏറെ ചരിത്ര പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യ താത്പര്യങ്ങളെല്ലാം മാറ്റിനിര്‍ത്തി ഒരു രാജ്യം സാംസ്‌കാരികനഗരമാണെന്ന് അറിയപ്പെടുന്നത് തന്നെ കേരളം പോലെ സാംസ്‌കാരികത്തനിമ അവകാശപ്പെടുന്ന സ്ഥലത്തു നിന്ന് വരുന്നവര്‍ക്ക് പുതുമയാണ്.
പുസ്തകങ്ങളെ സ്‌നേഹിക്കുകയും അതില്‍ അറിവ് കണ്ടെത്തുകയും ചെയ്യുന്നവര്‍ക്ക് ഇത്തരം പുസ്തകോത്സവം വലിയരീതിയില്‍ ഉപകരിക്കുമെന്ന് ബാബുപോള്‍ പറയുന്നു. ഇന്ത്യയില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാനപഠനങ്ങള്‍ക്ക് സജ്ജരാകാന്‍ കൂടി ഷാര്‍ജ പുസ്തകോത്സവവും വിവിധ സെഷനുകളും സഹായിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
'വേദശബ്ദരത്‌നാകാരം' എന്ന വിലകൂടിയ ബൈബിള്‍ വൈജ്ഞാനിക ഗ്രന്ഥം രചിക്കാന്‍ ബാബുപോള്‍ ഒമ്പത് വര്‍ഷമാണ് ചെലവഴിച്ചത്. വൈദികനായ തന്റെ പിതാവിന്റെ ആഗ്രഹത്തിന്റെയും നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് അന്ന് ഈ വലിയ ഉദ്യമം പൂര്‍ത്തിയാക്കിയത്. ഇതിനായി ബൈബിളിന്റെ ആഴമേറിയ പഠനങ്ങള്‍ക്കും മറ്റുമായി 22 വര്‍ഷം വേണ്ടിവന്നു.
ഇതുവരെയായി ഇംഗ്ലീഷിലും മലയാളത്തിലുമായി 38 പുസ്തകങ്ങള്‍ ബാബുപോള്‍ എഴുതിക്കഴിഞ്ഞു. സര്‍വീസ് സ്റ്റോറിയായ 'കഥ ഇതുവരെ'യ്ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. 'ഇ വായന' പെരുകുമ്പോഴും അച്ചടിപുസ്തകങ്ങളിലെ ഓരോപേജും മണത്തുനോക്കി വായിക്കുന്നത് ഒരു വലിയ അനുഭവം തന്നെയെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍പില്ലാത്തവിധം ഐ.എ.എസ്. - ഐ.പി.എസ്. തസ്തികകളില്‍ ഇരിക്കുന്നവര്‍ തമ്മില്‍ സ്​പര്‍ധ കൂടിയിട്ടുണ്ടെന്ന് ബാബുപോള്‍ സമ്മതിക്കുന്നു. ഇടുക്കി ജലവൈദ്യുതി പദ്ധതി നടപ്പിലാക്കുക വഴി ശ്രദ്ധേയനായ ബാബുപോളിനെ കൂടാതെ മറിച്ചുള്ള അടയാളപ്പെടുത്തല്‍ എസ്. കൃഷ്ണകുമാര്‍, ടി.കെ. ജോസ് തുടങ്ങിയ അപൂര്‍വം ചിലര്‍ക്ക് മാത്രമാണ് സാധിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ മാധ്യമങ്ങളുമായി വലിയ ബന്ധം സ്ഥാപിച്ചിരുന്നതായി ബാബുപോള്‍ പറഞ്ഞു.
ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ ഗ്രൂപ്പ് തിരിഞ്ഞു വാക്കു തര്‍ക്കങ്ങള്‍ നടത്തുന്നത് നല്ലതല്ല. ഭരത് ഭൂഷനെപ്പോലുള്ള മുന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതുപോലെ ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കെ.ആര്‍. ഗൗരിയമ്മ, ടി.വി. തോമസ്, ബേബിജോണ്‍ തുടങ്ങിയ അതികായന്‍മാരോടൊത്ത് പ്രവര്‍ത്തിച്ച ബാബുപോള്‍ ഇന്നത്തെ മന്ത്രിമാരെ വിലയിരുത്താന്‍ തയ്യാറല്ല.
കേരളത്തില്‍ മന്ത്രിസഭ മാറിവരുമ്പോഴും ഉദ്യോഗസ്ഥതലങ്ങളില്‍ സ്ഥാനചലനം ഇല്ലാതിരിക്കുന്നത് നല്ലകാര്യമാണ്. മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായി ചരിത്രത്തില്‍ ഉമ്മന്‍ചാണ്ടി അറിയപ്പെടുമെന്ന് പറഞ്ഞ ബാബുപോള്‍ അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന രീതിയോട് യോജിക്കുന്നു.
വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ കൂടെയുള്ളവര്‍ വിഴുങ്ങുകയായിരുന്നു, സ്വന്തമായി ഒരു തീരുമാനമെടുക്കാനും സാധിച്ചില്ല. കെ. കരുണാകരന്‍, അച്യുതമേനോന്‍, ഉമ്മന്‍ചാണ്ടി എന്നിവരാണ് കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാരെന്നും ബാബുപോള്‍ അഭിപ്രായപ്പെടുന്നു. 2021 ആഗസ്റ്റില്‍ തന്റെ അന്ത്യം ഉണ്ടാകുമെന്ന് ബാബുപോള്‍ ഉറപ്പിച്ചുപറയുന്നു. 2026 ആകുമ്പോഴേക്കും കേരളത്തില്‍ ഒരു ബി.ജെ.പി.മന്ത്രിസഭയ്ക്ക് സാധ്യതയും കാണുന്നു. മോദി മന്ത്രിസഭാ തുടര്‍ച്ചയായി 10 വര്‍ഷം തികയ്ക്കും എന്നീ പ്രവചനങ്ങളും അദ്ദേഹം നടത്തുന്നു. ചീഫ് സെക്രട്ടറിയാകാന്‍ സാധിക്കാത്തതില്‍ ദുഃഖമില്ല. എത്താവുന്ന ഉയരങ്ങളില്‍ എത്തിയിട്ടുണ്ട്. ബാബുപോള്‍ പറഞ്ഞു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ.ഡി. ബാബുപോള്‍ വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലേക്ക് തിരിച്ചു.