തൃശ്ശൂര്‍ ശൈലിയില്‍ എളിമയോടെ സംസാരിച്ചുകൊണ്ട്, ഹൃദയം നിറയെ കവിതയുമായി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഷാര്‍ജ പുസ്തകോത്സവത്തില്‍ അതിഥിയായെത്തി.
പുസ്തകോത്സവ നഗരിയിലെ ബാള്‍റൂമില്‍ വലിയ ആസ്വാദക വൃന്ദത്തെ സാക്ഷിയാക്കി കവിത പാടാന്‍ സാധിച്ചത് വലിയ അനുഭവമായി ഇദ്ദേഹം കരുതുന്നു. വായനാ സംസ്‌കാരത്തില്‍ പുതിയൊരു ബോധമുണ്ടാക്കാന്‍ ഇത്തരം പുസ്തകോത്സവങ്ങള്‍ ഉപകരിക്കുമെന്ന് ഏങ്ങണ്ടിയൂര്‍ അഭിപ്രായപ്പെടുന്നു.
ചന്ദ്രശേഖരന്റെ ഗ്രാമത്തില്‍ കേള്‍ക്കാറുള്ള നാട്ടുപാട്ടുകളില്‍ നിന്നാണ് മലയാളികള്‍ ഏറ്റുപാടുന്ന പല പാട്ടുകളും പിറന്നത്. മുത്തശ്ശിക്കഥകളും വീട്ടിലെ സാഹചര്യങ്ങളും ചെറുപ്പത്തില്‍ തന്നെ നാടന്‍പാട്ടിന്റെ ശൈലി സ്വായത്തമാക്കാന്‍ സഹായിച്ചു. പിന്നീട് അത് തേച്ചു മിനുക്കുകയേ വേണ്ടിവന്നുള്ളൂ. സാധാരണക്കാരുടെ വിഷമം കവിതയിലും പാട്ടിലും പറയുമ്പോള്‍ വലിയ സാഹിത്യ ഭംഗിയൊന്നും നോക്കാറില്ല. 'നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ...' എന്ന് പാടാന്‍ തുടങ്ങുമ്പോഴേക്കും 'ഈ കുഞ്ഞിപ്പെണ്ണിന് അനുയോജ്യനായ വരന്‍ വരാത്തതെന്തേ'യെന്ന് ജനം വിളിച്ചുചോദിക്കുമെന്ന് ഏങ്ങണ്ടിയൂര്‍ പറയുന്നു.
പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നതിനോട് വിയോജിപ്പില്ല, അത് തിരിച്ചുകൊടുക്കാത്തവര്‍ അസഹിഷ്ണുതയോട് യോജിക്കുന്നവരാണെന്നും അഭിപ്രായമില്ല. ഒരു കവിതയിലൂടെയോ പ്രസ്താവനയിലൂടെയോ ഒക്കെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സിനിമയില്‍ പാട്ടെഴുതുന്നതുകൊണ്ട് 'എഴുതി ജീവിക്കാ'മെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കവിതയെഴുതി കാര്യമായൊന്നും കിട്ടാറുമില്ല. കവിതയും പാട്ടും മാത്രമല്ല സംഗീതവും ശില്പവും നാടകവുമെല്ലാം ഈ ഗ്രാമീണ കലാകാരന് ഇഷ്ടം തന്നെ. ഭാര്യ: ഉഷ, മക്കള്‍: ശ്രീലക്ഷ്മി, ശരത് ചന്ദ്രന്‍. തച്ചുശാസ്ത്രജ്ഞനായ കുണ്ടൂര്‍ ശ്രീധരന്‍ ആചാരിയാണ് അച്ഛന്‍.

തയ്യാറാക്കിയത്: ഇ.ടി. പ്രകാശ്