അബുദാബി: അബുദാബിയുടെ വ്യവസായ നഗരമായ മുസഫയില്‍ വിസ പുതുക്കാതെ ജോലിയില്ലാതെ മലയാളി തൊഴിലാളികള്‍ നരകജീവിതം നയിക്കുന്നു. വൃത്തിഹീനമായ താമസ കേന്ദ്രത്തിലെ ഇടുങ്ങിയ മുറിയിലാണിവര്‍ കഴിയുന്നത്. ഏത് നിമിഷവും പെരുവഴിയിലേക്ക് വലിച്ചെറിയപ്പെടുമെന്ന ഭീതിയിലാണ് എട്ടുപേര്‍.

അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോണ്‍ട്രാക്റ്റിങ് കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. പല കാരണങ്ങളാല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിശ്ചലമായതാണ് ഇവരുടെ ദുരിതത്തിന് കാരണം. തൃശൂര്‍ സ്വദേശിയാണ് കമ്പനി ഉടമ.
ഇവരില്‍ മൂന്ന് പേര്‍ നേരത്തെ അബുദാബി ഇന്ത്യന്‍ എംബസിയിലും കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ ആറ് വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്.
 
വിസയും ജോലിയും ഭക്ഷണവുമില്ലാതെ ആസ്​പത്രിയില്‍ പോലും പോകാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ എല്ലാവരും എംബസിയെ ശരണം പ്രാപിച്ചിരുന്നു. എന്നാല്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കാനാണ് എംബസി അധികൃതര്‍ ഉപദേശിച്ചത്. ഇത് പ്രകാരം ലേബര്‍ കോടതിയില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.

ക്യാമ്പിലെ മറ്റ് തൊഴിലാളികള്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് നിസഹായരായി കഴിയുന്ന ഇവരുടെ താമസവും പ്രശ്‌നമായിരിക്കുകയാണ്. വാടക കൊടുക്കാത്തതിനാല്‍ ജനുവരി 11 മുതല്‍ ക്യാമ്പില്‍ കഴിയാന്‍ പാടില്ലെന്ന അറിയിപ്പ് ലഭിച്ചു കഴിഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെയും കാലാവധി കഴിഞ്ഞു. ലേബര്‍ കോടതിയിലേക്ക് പോകാന്‍ വണ്ടിക്കാശ് പോലും കൈയ്യിലില്ലാത്ത ഗതികേടിലാണ് എല്ലാവരും. വിസ കാലാവധി തീര്‍ന്നതിനാല്‍ അയ്യായിരം ദിര്‍ഹം മുതല്‍ മുകളിലോട്ട് ഇമിഗ്രേഷനില്‍ കെട്ടിവച്ചാലേ മിക്കവര്‍ക്കും നാട്ടിലേക്ക് പോക്ക് നടക്കൂ.

തൃശൂര്‍, കണ്ണൂര്‍, തിരൂര്‍, കൊല്ലംഎന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെയും. തിരക്ക് പിടിച്ച ഒരു തീവണ്ടി കമ്പാര്‍ട്ട്‌മെന്റ് പോലെയാണ് ഇവരിപ്പോള്‍ താമസിക്കുന്ന മുറി. നാല് പേര്‍ക്ക് ഒരുമിച്ച് നില്‍ക്കാനുള്ള സ്ഥലം ഇതിനകത്തില്ല. നാട്ടിലേക്ക് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ സാധനങ്ങള്‍ കെട്ടിവച്ച പെട്ടിയുമുണ്ട്. ഇപ്പോള്‍ അതിനകത്തുള്ള സോപ്പും പേസ്റ്റുമെല്ലാം ഉപയോഗിച്ച് തീരാറായി.

നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോണ്‍ട്രാക്റ്റിങ് കമ്പനിക്ക് ലഭിച്ച 80 ലക്ഷത്തിന്റെ രണ്ട് പദ്ധതികള്‍ മുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് കമ്പനി ഉടമ പറയുന്നു. 38 ജീവനക്കാരുണ്ടായിരുന്ന കമ്പനിയിലെ മുപ്പതോളം ജീവനക്കാരെ ഇതിനോടകം നാട്ടിലേക്ക് അയച്ചു. ബാക്കിയുള്ള എട്ട് പേരെ എത്രയും പെട്ടന്ന് കയറ്റിവിടാനുള്ള ശ്രമങ്ങളിലാണ്. നാട്ടിലെ വസ്തുവകകള്‍ വിറ്റിട്ടോ ലോണ്‍ എടുത്തിട്ടോ ഇത് നടത്തുമെന്നും തൊഴിലുടമ തൃശൂര്‍ സ്വദേശി പറഞ്ഞു.