ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 15-ാമത് ദുബായ് എയര്‍ ഷോ ഉദ്ഘാടനം ചെയ്തു.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ദുബായ് വേള്‍ഡ് സെന്‍ട്രലിലെ അല്‍ മക്തൂം വിമാനത്താവളത്തിലാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിന്റെ ആദ്യദിനംതന്നെ 61 ബില്യണ്‍ ദിര്‍ഹത്തിന്റെ കരാറുകളാണ് ഒപ്പുവെച്ചത്.
 
എമിറേറ്റ്‌സ് എയര്‍ലൈന്‍ 55 ബില്യണ്‍ ദിര്‍ഹത്തിന്റേയും , പ്രതിരോധ മന്ത്രാലയം ആറ് ബില്യണ്‍ ദിര്‍ഹത്തിന്റെയും കരാറുകളൊപ്പുവെച്ചു.

എയര്‍ഷോയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രദര്‍ശനമാണ് ഉദ്ഘാടനം ചെയ്തതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. 1200 പ്രമുഖ വ്യോമയാന കമ്പനികളും, 72,000 വിദഗ്ദ്ധരും പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിനു ശേഷം യു.എ.ഇ. ഭരണാധികാരികള്‍ എയര്‍ഷോ സന്ദര്‍ശിക്കുകയും പ്രദര്‍ശകരുമായി സംസാരിക്കുകയും ചെയ്തു.
 
വ്യോമയാന മേഖലയുടെ വികസനം മുന്‍നിര്‍ത്തി ഉത്പാദനക്ഷമതയും പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ക്കാകും ഈ വര്‍ഷം മേളയില്‍ പ്രാമുഖ്യം.

2015 -ലെ പ്രദര്‍ശനത്തില്‍ 136 ബില്യണ്‍ ദിര്‍ഹത്തിന്റെ കരാറുകളാണ് ഒപ്പുവെച്ചത്.
 
എന്നാല്‍ ഇക്കുറി പുതിയ വിമാനങ്ങള്‍ക്കായുള്ള കരാറുകളെക്കാള്‍ പ്രാമുഖ്യം ലഭിക്കുക പുതിയ സംരംഭങ്ങള്‍ക്കും സാങ്കേതികതകള്‍ക്കുമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
 
ഡ്രൈവറില്ലാത്ത ആകാശവാഹനങ്ങള്‍, ചരക്കുഗതാഗത വികസനം, ബഹിരാകാശ പര്യവേക്ഷണം , സ്മാര്‍ട്ട് സംരംഭങ്ങള്‍ തുടങ്ങി ഭാവിയുടെ പദ്ധതികള്‍ക്കാകും മേള മുന്‍തൂക്കംനല്‍കുക.
 
യു.എ.ഇ. യിലെ വിമാനയാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 5.7 ശതമാനമാണ് വര്‍ധിക്കുന്നത്. ഇതുതന്നേയാണ് രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന എയര്‍ ഷോയുടെ പ്രാധാന്യം കൂട്ടുന്നതും.