ദുബായ്: 2020-ൽ ദുബായിയെ കൂടുതൽ സ്മാർട്ട് ആക്കാനുള്ള പുതിയ നിയമം യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി. 2015-ലെ നിയമനമ്പർ (29) അനുസരിച്ച് സ്ഥാപിതമായ സ്മാർട്ട് ദുബായ് ഓഫീസിന് പുതിയനിയമം ബാധകമാണ്. നിയമമനുസരിച്ച് സ്മാർട്ട് ദുബായ് ഡിപ്പാർട്‌മെന്റ് എന്ന പേര് സ്മാർട്ട് ദുബായ് ഓഫീസ് ആയി മാറും. നിയമത്തിന് അനുസൃതമായി ദുബായിയുടെ സ്മാർട്ട് പരിവർത്തനം സുഗമമാക്കുന്നതിനും സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതമായ തടസ്സമില്ലാത്ത നഗരാനുഭവം നൽകുന്നതിനും വകുപ്പിന് ഉത്തരവാദിത്തമുണ്ട്.

സ്മാർട്ട് പരിവർത്തനത്തിന് ആവശ്യമായ പദ്ധതികൾ, നയങ്ങൾ, പ്രോഗ്രാമുകൾ, സംരംഭങ്ങൾ എന്നിവ സ്ഥാപിക്കാനും അവ അംഗീകാരത്തിനായി ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന് സമർപ്പിക്കാനും സ്മാർട്ട് ദുബായ് വകുപ്പിന് അധികാരമുണ്ട്. സ്മാർട്ട് ദുബായ് ഡിപ്പാർട്ട്‌മെന്റിന്, എക്സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദുബായിയുടെ ജനറൽ സെക്രട്ടേറിയറ്റുമായി സഹകരിച്ച് സർക്കാരിന്റെ വിവരസാങ്കേതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതിനും ഉത്തരവാദിത്വമുണ്ട്. സംയുക്ത സർക്കാർ സംവിധാനങ്ങളുടെയും ഏകീകൃത ആപ്ലിക്കേഷനുകളുടെയും വികസനത്തിനും മാനേജ്‌മെന്റിനും ഇത് മേൽനോട്ടം വഹിക്കുന്നു.

മറ്റ് ഒട്ടേറെ സ്ഥാപനങ്ങൾക്കൊപ്പം, എല്ലാ സ്മാർട്ട് ഗവൺമെന്റ് ആപ്ലിക്കേഷനുകൾക്കുമായി ഒരു പോർട്ടൽ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സർക്കാരിന്റെ വിവരസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തയ്യാറാക്കുക തുടങ്ങി ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റുമായി സഹകരിച്ച് സ്മാർട്ട് ദുബായ് വകുപ്പിന് ഉത്തരവാദിത്വമുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: New law in Smart Dubai