ദുബായ്: കഴിഞ്ഞ ദിവസം പരിഷ്‌കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ടാകും. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സമഗ്രക്ഷേമം ഉറപ്പുവരുത്തുന്നതിനുമായാണ് യു.എ.ഇ. മാനവവിഭവശേഷി മന്ത്രാലയം പുതിയ തൊഴില്‍നിയമം അവതരിപ്പിച്ചിരിക്കുന്നത്.

2022 ഫെബ്രുവരിയില്‍ പുതിയ നിയമം പ്രാബല്യത്തിലാകും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്കുപുറമെ, ഏറ്റവുമടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ മൂന്നുമുതല്‍ അഞ്ചുദിവസം വരെ അവധി നല്‍കണമെന്ന് പുതിയ തൊഴില്‍നിയമത്തിലുണ്ട്.

സ്വകാര്യമേഖലയിലെ പ്രസവാവധി 60 ദിവസമാക്കി. ഇവര്‍ക്ക് 45 ദിവസം മുഴുവന്‍ വേതനവും 15 ദിവസം പകുതി വേതനവും നല്‍കണം. കൂടാതെ കുട്ടി ജനിച്ച ദിവസം മുതല്‍ ആറുമാസം വരെ അഞ്ച് പ്രവൃത്തിദിവസങ്ങളിലായി രക്ഷാകര്‍ത്തൃ അവധിക്കും അര്‍ഹതയുണ്ട്. നവജാതശിശുവിന് പ്രസവാനന്തരമുള്ള എന്തെങ്കിലും സങ്കീര്‍ണതകളോ അസുഖമോ ഉണ്ടായാല്‍ പ്രാരംഭ പ്രസവാവധി പൂര്‍ത്തിയാകുമ്പോള്‍ ശമ്പളമില്ലാതെ 45 ദിവസത്തെ അധിക അവധിക്കും അപേക്ഷിക്കാവുന്നതാണ്. ഇതിനായി അസുഖവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിക്കണം. പ്രത്യേക ആവശ്യങ്ങളുള്ള ശിശുക്കളുടെ അമ്മമാര്‍ക്ക് പ്രസവാവധി കഴിഞ്ഞാലും 30 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്കും അര്‍ഹതയുണ്ട്.

കോവിഡനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴില്‍മേഖലയില്‍ യു.എ.ഇ. വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിവിധ നിയമ നടപടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു. പുതിയ തൊഴില്‍ നിയമം നടപ്പാക്കുന്നതിലൂടെ മേലുദ്യോഗസ്ഥരോ സഹപ്രവര്‍ത്തകരോ നടത്തുന്ന ഭീഷണിപ്പെടുത്തല്‍, ലൈംഗികപീഡനം, രേഖകള്‍ അനധികൃതമായി കൈവശപ്പെടുത്തല്‍ എന്നിവയില്‍നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കും.

തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രൊബേഷന്‍ കാലാവധി ആറുമാസത്തില്‍ കൂടരുതെന്നും നിയമത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ഫുള്‍ടൈം, പാര്‍ട്ട് ടൈം ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും പുതിയ നിയമം ബാധകമാണ്. പുതിയ നിയമപ്രകാരം തൊഴിലാളികള്‍ക്ക് ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ സാധിക്കും. തൊഴില്‍ കാലാവധിയുടെ അവസാനം യു.എ.ഇ. വിടാന്‍ ഉടമ നിര്‍ബന്ധിക്കുന്നതില്‍നിന്ന് തൊഴിലാളികള്‍ക്ക് പുതിയ നിയമം വഴി സംരക്ഷണം ലഭിക്കും. ഇതിനുപുറമെ, അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ യു.എ.ഇ.യിലെ തൊഴിലാളികള്‍ക്ക് ഒന്നിലധികം ഉടമകള്‍ക്കു കീഴില്‍ തൊഴില്‍ ചെയ്യാനുള്ള അനുമതിയും ലഭിക്കും.

നിലവിലുള്ള തൊഴിലിനു പുറമെ പാര്‍ട്ട് ടൈം തൊഴിലവസരം ലഭിക്കുന്നത് പ്രവാസികള്‍ക്കടക്കം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.