അബുദാബി: യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യുഎഇയുടെ അനുമതി. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് അനുമതി.  

ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാര്‍ക്ക് നിലവില്‍ യുഎഇയില്‍ പ്രവേശിക്കാനാവില്ല.

ഇന്ത്യ,പാകിസ്താന്‍, ശ്രീലങ്ക നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചത്. യുഎഇ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടാം ഡോസ് എടുത്ത് ചുരുങ്ങിയത് 14 ദിവസമെങ്കിലും കഴിയണം യാത്ര ചെയ്യാന്‍. കൂടാതെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ വേണം.

Read...പ്രവാസികള്‍ക്ക് യാത്രാ അനുമതി; യുഎഇ അംഗീകരിച്ച വാക്‌സിനുകള്‍ ഇവ

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്ക് വിലക്കേര്‍പ്പെടുത്തയതിനെ തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ വഴി ലക്ഷങ്ങള്‍ ചെലവാക്കിയാണ് പ്രവാസികള്‍ നിലവില്‍ യുഎയിലേക്ക് പ്രവേശിച്ചിരുന്നത്. താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന യുഎഇയുടെ തീരുമാനം പ്രവാസികള്‍ വലിയ ആശ്വാസം നല്‍കും.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ അവസാനത്തോടെയാണ് യുഎഇ ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനം വിലക്കിയത്.

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന  കോവിഷീല്‍ഡ് എന്നറിയപ്പെടുന്ന ആസ്ട്ര സെനക്ക വാക്‌സിന്‍ യു എ ഇ അംഗീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ , നഴ്സുമാര്‍ , അധ്യാപകര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. 

നിലവില്‍ ഖത്തര്‍ , അര്‍മേനിയ രാജ്യങ്ങളില്‍ രണ്ടാഴ്ച ക്വറന്റീന്‍ പൂര്‍ത്തിയാക്കി പ്രവാസികള്‍ യു എ ഇ യില്‍ പ്രവേശിക്കുന്നുണ്ട്. എന്നാല്‍ അത്തരം യാത്രയ്ക്ക് രണ്ടു ലക്ഷം രൂപയോളം ചെലവ് വന്നിരുന്നു. സൗദി അറേബ്യ ഒമാന്‍ അടക്കമുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് എപ്പോള്‍ അവസാനിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.