ദുബായ്: യു.എ.ഇ.യുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ ഹോപ്പ് പ്രോബ് കുതിപ്പിൽ, യു.എ.ഇ.യുടെ പുതിയ നാഷൻ ബ്രാൻഡിന്റെ ലോഗോയും അതിനൊപ്പമുള്ള ‘മേയ്ക്ക് ഇറ്റ് ഹാപ്പൻ’ എന്ന വാചകവും വഹിക്കും. ഈ വർഷം പകുതിയോടെയാണ് യു.എ.ഇ.യുടെ ചൊവ്വാ പര്യവേക്ഷണം. ഇതിനുള്ള തയ്യാറെടുപ്പുകൾ യു.എ.ഇ. പൂർത്തിയാക്കിവരികയാണ്.

ഹോപ്പിന്റെ ബാഹ്യഘടനയുമായി ബന്ധിപ്പിക്കുന്ന ലോഹഭാഗങ്ങളിൽ നേരത്തേ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഒപ്പിട്ടിരുന്നു. പ്രത്യാശയുടെ ശക്തി, ഭൂമിയും ആകാശവും തമ്മിലുള്ള ദൂരം കുറയ്ക്കുന്നുവെന്ന വാക്കുകൾകൊണ്ടാണ് ലോഹഭാഗം അലങ്കരിച്ചിരിക്കുന്നത്.

Content Highlights: nation brand for mars