ദുബായ്: യു.എ.ഇ.യുടെ പുതിയ ലോഗോ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകാൻ നാഷൻ ബ്രാൻഡ് ഓഫീസ് പ്രവർത്തനം തുടങ്ങി. ലോഗോ ഉപയോഗിക്കുന്നതിന് വെബ്‌സൈറ്റിൽ (www.nationbrand.ae) നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾക്ക് പുറമെയാണിത്.

കാബിനറ്റ് അഫയേഴ്‌സ് ആൻഡ് ഫ്യൂച്ചർ മന്ത്രാലയത്തിലെ പബ്ലിക് ഡിപ്ലോമസി ഓഫീസിന്റെ കീഴിലാണ് പുതിയ ഓഫീസ്. യു.എ.ഇ.യുടെ കീർത്തി വർധിപ്പിക്കുന്നതിനായി സർക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് നാഷൻ ബ്രാൻഡ് ഓഫീസ് ലക്ഷ്യമിടുന്നത്. രാജ്യത്തെ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളുമായി സഹകരണ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഒരു ഏകീകൃത ബ്രാൻഡിന്റെ സന്ദേശം ഏഴ് എമിറേറ്റുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ബോധവത്കരണം നടത്തും.

അടുത്ത 50 വർഷത്തേക്കുള്ള യു.എ.ഇ.യുടെ മുന്നോട്ടുള്ള കുതിപ്പിനെ പ്രതിനിധീകരിക്കാനാണ് പുതിയ ലോഗോ പുറത്തിറക്കിയത്. ദേശീയ പതാകയുടെ വർണങ്ങളിലുള്ള ഏഴ് വരകളടങ്ങിയ ലോഗോ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുറത്തിറക്കിയത്. ഏഴ് വരകൾ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെയാണ് സൂചിപ്പിക്കുന്നത്.

Content Highlights: Natial Brand Office