ദുബായ്: തെയ്യവും കരകാട്ടവും ചെണ്ടമേളവുമൊക്കെയായി വെള്ളിയാഴ്ച രാത്രി ദേരയിലെ വാട്ടർഫ്രണ്ട് മാർക്കറ്റിൽ ’നല്ലോണം പൊന്നോണം’ എന്ന ആഘോഷം നാട്ടിലെ ഉത്സവത്തിന് സമാനമായി. അത്രയ്ക്കായിരുന്നു ജന പങ്കാളിത്തവും. പകൽ മുഴുക്കെ നീണ്ടുനിന്ന വിവിധ പരിപാടികൾ രാത്രി വൈകി അവസാനിക്കുന്നത് വരെ ജനക്കൂട്ടം അത് ആസ്വദിച്ച് ആർത്തുവിളിച്ചു.

ദേര വാട്ടർ ഫ്രണ്ട് മാർക്കറ്റിന്റെയും ലുലു ഹൈപ്പർ മാർക്കറ്റിന്റെയും സഹകരണത്തോടെ ക്ലബ്ബ് എഫ്.എം. 99.6 അവതരിപ്പിച്ച പരിപാടികൾ ഓരോ നിമിഷവും ആവേശം നിറഞ്ഞതായിരുന്നു. കാലത്ത് പൂക്കളം, പായസം എന്നിവയിലെ മത്സരമായിരുന്നു നടന്നത്. ഉച്ചതിരിഞ്ഞ് മാതൃഭൂമി ഉത്സവസത്തിനായുള്ള ഗൃഹലക്ഷ്മി മൽസരത്തിനുള്ള പ്രാഥമിക റൗണ്ട് മത്സരമായിരുന്നു. വൈകീട്ടോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്.

ഓർമ എന്ന സംഘത്തിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളമായിരുന്നു ആവേശത്തിന് തിരികൊളുത്തിയത്. വാട്ടർ ഫ്രണ്ട് മാർക്കറ്റ് ചുറ്റിവന്ന ഘോഷയാത്രയിൽ കാവടിയാട്ടം, തെയ്യങ്ങൾ, പുലികളി എന്നിവയും അണിനിരന്നു. തുടർന്ന് ചെണ്ടമേളക്കാർ വേദിയിൽ എത്തിയപ്പോൾ ആവേശം അണപൊട്ടി. തിരുവാതിരക്കളി, സംഘനൃത്തം എന്നിവക്ക് പുറമെ നിരവധി മത്സരങ്ങളും നടന്നു. ക്ലബ് എഫ്.എം. ആർജെ മാരായ അമൻ, നീന, സ്‌നേഹ, പൂജ എന്നിവർ വിവിധ മത്സരങ്ങൾക്ക് അവതാരകരായി വേദിയിലെത്തി. രാത്രി വൈകും വരെ നീണ്ടുനിന്ന മത്സരങ്ങളിലും കലാപരിപാടികളിലും കൂടെ ചേർന്നു ആടിയും പാടിയും ജനക്കൂട്ടവും അവധിദിനം ആഘോഷമാക്കി മാററി.