തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വന്‍ പ്രതികരണം. യുഎഇയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  തിങ്കളാഴ്ച രാവിലെ 11 മണിവരെ വരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം  1,65,630 ആണ്. ഇവരില്‍ 65,608 പേരും യുഎഇയില്‍ നിന്നാണ്. 

സൗദി അറേബ്യയില്‍നിന്ന് 20,755, ഖത്തര്‍ -18,397,കുവൈറ്റ് - 9626,ഒമാന്‍ -7286,ബഹറിന്‍- 3451, മാലദ്വീപ്- 1100, യു.കെ.- 1342,യു.എസ്.എ.-965, റഷ്യ-563, യുക്രൈന്‍- 550 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 

രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ തിരിച്ചെത്തിക്കുന്നതിന് പരിഗണന ലഭിക്കില്ലെന്ന് നോര്‍ക്ക വ്യക്തമാക്കിയിട്ടുണ്ട്. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടിക്രമങ്ങള്‍. 

കോവിഡ് 19 പരിശോധനയില്‍ നെഗറ്റിവാകുന്നവര്‍ക്ക് മാത്രമേ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കൂ. നാട്ടിലെത്തായാലും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിരീക്ഷണത്തില്‍ കഴിയേണ്ടതായി വരും. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതനുസരിച്ചുള്ള ക്വാറന്റൈന്‍ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഒരുക്കേണ്ട സാഹചര്യമാണ് ഉയരുന്നത്. സര്‍ക്കാര്‍ എല്ലാ വിധ സൗകര്യങ്ങളും തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ പ്രവാസികള്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. രണ്ട് ലക്ഷം പേര്‍ക്ക് വേണ്ട ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

www.norkaroots.net എന്ന വെബ്സ്റ്റൈലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നോര്‍ക്ക രജിസ്ട്രേഷന് www.registernorkaroots.org എന്ന ലിങ്കും സന്ദര്‍ശിക്കാവുന്നതാണ്.മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ ആദ്യ പടിയായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. 

അതേസമയം, പ്രവാസികളെ തിരികെയത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രം ചോദിച്ചാല്‍ വ്യക്തമായ കണക്ക് നല്‍കാനാണ് രജിസ്ട്രേഷന്‍ നടപടികള്‍ നടത്തുന്നതെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞിരുന്നു. നോര്‍ക്കയുടെ കാര്‍ഡ് ഇല്ലാത്തവര്‍ക്കും രജിസ്ട്രേഷന്‍ ചെയ്യാം, എല്ലാവരെയും തിരികെ കൊണ്ടുവരാനല്ല രജിസ്ട്രേഷന്‍ എന്നും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.  കോവിഡ് ടെസ്റ്റ് യാത്രക്ക് മുന്‍പ് നടത്തേണ്ടിവരും രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പരിശോധന ഫലം വേണ്ടെന്നും  കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കി.

Content Highlights:More than one lakh NRIS registered in Norca, most from the UAE