ഷാർജ: ചെക് കേസും ജയിൽവാസവുംമൂലം തളർന്ന മനസ്സുംശരീരവുമായി ഷാർജയിൽ കുടുങ്ങിക്കിടക്കുന്ന 45-കാരനായ മൂസക്കുട്ടി നാട് കണ്ടിട്ട് 15 വർഷം. പക്ഷേ 15 ലക്ഷം ദിർഹത്തിന്റെ ( മൂന്ന് കോടിരൂപയോളം) ബാധ്യത തീർത്താലേ പട്ടാമ്പി മാട്ടായ സ്വദേശിയായ മൂസക്കുട്ടിയുടെ നിരോധനം അവസാനിക്കൂ.

1994-ൽ അബുദാബിയിൽ പത്തൊമ്പതാമത്തെ വയസ്സിൽ ഓഫീസ് ബോയ് ആയി തുടങ്ങിയതാണ് മൂസക്കുട്ടിയുടെ പ്രവാസം. 2003-ൽ റാസൽഖൈമയിൽ സ്വന്തം ബിസിനസ് തുടങ്ങി. സിമന്റ് ഉൾപ്പെടെ കെട്ടിട നിർമാണ വസ്തുക്കളുടെ വ്യാപാരം. ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും വരെ സ്ഥാപനം വളർന്നു. സ്ക്രാപ്പ്, മത്സ്യ വ്യാപാരം തുടങ്ങിയ പുതിയ മേഖലകളിലേക്ക് ബിസിനസ് പടർന്നുകയറി. അറിയപ്പെടുന്ന പ്രവാസി വ്യവസായിയായി മൂസക്കുട്ടി. പക്ഷേ ആ കുതിപ്പിന് അധികം ആയുസ്സുണ്ടായില്ല.

കടമായി സാധനങ്ങൾ വാങ്ങിയ ചിലർ പണം തിരിച്ചു നൽകാത്തതിനെത്തുടർന്ന് 2006-ൽ ബിസിനസ് നഷ്ടത്തിലായി. പണം നൽകാനുണ്ടായിരുന്ന പലർക്കും സെക്യൂരിറ്റി ചെക്കുകൾ നൽകിയിരുന്നു. മൂസക്കുട്ടിയായിരുന്നു ചെക്കുകളിൽ ഒപ്പുവെച്ചിരുന്നത്. രേഖപ്രകാരം കമ്പനിയുടെ 51 ശതമാനം ഉടമസ്ഥതയുള്ള സ്പോൺസർ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ കഷ്ടകാലം തുടങ്ങി. കമ്പനിയുടെ ചെക്കുകൾ മടങ്ങാൻ തുടങ്ങി. വണ്ടിച്ചെക്ക് കേസുകളിൽ മൂസക്കുട്ടി പ്രതിയുമായി. കമ്പനിക്ക് കിട്ടാനുള്ള പണം സ്‌പോൺസറുടെ അക്കൗണ്ടുകളിലേയ്ക്ക് മാറി.

പണം നൽകാനുണ്ട് എന്ന് കാണിച്ച് സ്‌പോൺസർ മൂസകുട്ടിക്കെതിരേ റാസൽഖൈമ കോടതിയിൽ കേസ് ഫയൽ ചെയ്തു. പിന്നീട് ഒട്ടേറെ ചെക്ക് കേസുകൾ മൂസക്കുട്ടിക്ക് എതിരേ ഫയൽ ചെയ്യപ്പെട്ടു. സാമ്പത്തിക കേസുകളിൽ കുരുങ്ങി നാല് തവണയായി അഞ്ച് വർഷം മൂസക്കുട്ടി ജയിലിൽ കിടന്നു. ഈ കേസിൽ സ്‌പോൺസർക്ക് 15 ലക്ഷം ദിർഹം നൽകുന്നതിന് കോടതി ഉത്തരവായി.

മൂന്നുവർഷത്തെ ശിക്ഷയ്ക്കുശേഷം 2015 ജൂണിൽ പുറത്തിറങ്ങിയപ്പോഴേക്കും മൂസക്കുട്ടി തീർത്തും ദരിദ്രനായി മാറിക്കഴിഞ്ഞു. ഷാർജയിൽ ഒരു സുഹൃത്തിന്റെ കൂടെയായിരുന്നു ജയിൽമോചിതനായ ശേഷം മൂസക്കുട്ടി താമസിച്ചിരുന്നത്. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഷാർജയിലെ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂസക്കുട്ടിക്ക് പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ വലതുഭാഗംകൂടി തളർന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ ഒരു പങ്കാളിയുമായി ചേർന്ന് പുതിയ വ്യാപാരം തുടങ്ങാനിരിക്കേയായിരുന്നു ഈ ദുരന്തം.

ഒന്നരവർഷം മുൻപ് മൂസക്കുട്ടിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹായം തേടിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മൂസക്കുട്ടിക്ക് നാട്ടിൽപോകാനുള്ള എമർജൻസി സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ശരിയാക്കിയിട്ടുണ്ട്. പക്ഷേ 15 ലക്ഷം ദിർഹം നൽകാതെ യാത്രാവിലക്ക് നീക്കാനാവില്ലെന്ന കടുത്ത നിർബന്ധത്തിലാണ് സ്പോൺസർ. ഭാരിച്ച തുക എങ്ങനെ കണ്ടെത്തണമെന്നറിയാതെ സഹായം തേടുകയാണ് മൂന്ന് മക്കളടങ്ങുന്ന കുടുംബം. 2004 ലാണ് മൂസക്കുട്ടി അവസാനം നാട്ടിൽ പോയി വന്നത്. കേസിൽപ്പെട്ടതോടെ പാസ്‌പോർട്ട് കോടതിയിലായി. സന്ദർശന വിസയിൽ വന്നുപോകുന്ന ഭാര്യയും മക്കളുമാണ് മൂസകുട്ടിയെ പരിചരിക്കുന്നത്. ഇരുപതുകാരനായ മൂത്ത മകന്റെ 1000 ദിർഹം ശമ്പളംകൊണ്ടാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്. എം.എ.യൂസഫലിക്കും ബി.ആർ.ഷെട്ടിക്കുമൊപ്പം മികച്ച പ്രവാസി വ്യവസായിക്കുള്ള പുരസ്കാരം സി.പി.എം.സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങിയ വ്യക്തിയാണ് മൂസക്കുട്ടി. എൺപതിലേറെ പേരെ സ്വന്തം ചെലവിൽ നാട്ടിലേയ്ക്ക് കയറ്റിവിടുന്നത് ഉൾപ്പെടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തിരുന്ന വ്യക്തി. മൂസക്കുട്ടിയെ വിളിക്കാം ഫോൺ: 050 850 4525.