ഷാര്‍ജ: അതിരുകളില്ലാത്ത സംഗീതസാമ്രാജ്യത്തിന്റെ സുല്‍ത്താന്‍ യു.എ.ഇ.യുടെ മനസ്സുകീഴടക്കാന്‍ എത്തിക്കഴിഞ്ഞു. ഓസ്‌കറും ഗ്രാമിയും ഗോള്‍ഡന്‍ ഗ്ലോബുമുള്‍പ്പെടെയുള്ള ലോകോത്തരപുരസ്‌കാരങ്ങള്‍ കൊണ്ട് അനുഗൃഹീതനായ സംഗീതസമ്രാട്ടിന്റെ കലാവിരുന്നിന് അരങ്ങൊരുങ്ങി. 'മാതൃഭൂമി എ.ആര്‍. റഹ്മാന്‍ ലൈവ് 2017' വെള്ളിയാഴ്ച രാത്രി എട്ടിന് ഷാര്‍ജ ക്രിക്കറ്റ്‌സ്റ്റേഡിയത്തില്‍ നടക്കും. റഹ്മാന്റെ നേതൃത്വത്തില്‍ നൂറിലധികം കലാകാരന്മാര്‍ അണിനിരക്കുന്ന ലൈവ്‌ഷോയാണിത്.

വ്യാഴാഴ്ചപുലര്‍ച്ചെ ദുബായിലെത്തിയ റഹ്മാന്‍ ഉച്ചയ്ക്ക് മീഡിയാസിറ്റിയിലെ 'മാതൃഭൂമി' ഓഫീസ് സന്ദര്‍ശിച്ചു. മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്ട്രോണിക് മീഡിയ ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ സ്വീകരിച്ചു. ചലച്ചിത്രസംവിധായകന്‍ രഞ്ജിത്തും നടന്‍ സുരേഷ്‌കൃഷ്ണയും റഹ്മാന് ആശംസനേരാന്‍ 'മാതൃഭൂമി'യിലെത്തിയിരുന്നു. ക്ലബ്ബ് എഫ്.എം. 99.6 ആര്‍.ജെ. ടീമിനൊപ്പം അരമണിക്കൂര്‍ നീണ്ട ലൈവ് പ്രോഗ്രാമില്‍ പങ്കെടുത്തശേഷമാണ് റഹ്മാന്‍ മടങ്ങിയത്.

വെള്ളിയാഴ്ച രാത്രി മൂന്നുമണിക്കൂറിലധികം നീളുന്ന സംഗീതനിശയിലുടനീളം റഹ്മാന്റെ സാന്നിധ്യമുണ്ടാവും. പാട്ടുകള്‍ പാടുന്നതിനുപുറമേ ഡ്രമ്മും പിയാനോയും ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങളും റഹ്മാന്‍ വായിക്കും. ഇന്ത്യന്‍സിനിമയിലെ നിറസാന്നിധ്യമായ അരഡസനിലധികം ഗായകരും വേദിയിലെത്തും. 24, കടല്‍, മരിയാന്‍, തമാഷ എന്നീ സിനിമകളിലെ റഹ്മാന്‍ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഹരിചരണ്‍, ബോളിവുഡ് സിനിമകളിലൂടെ സാന്നിധ്യമറിയിച്ച ബെന്നി ദയാല്‍, സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, ശ്വേതാമോഹന്‍, റഹ്മാന്‍ ലൈവ് സ്റ്റേജ്‌ഷോകളിലെ സ്ഥിരംസാന്നിധ്യമായ 'ജബ്തക് ഹെ ജാനി'ലെ 'ജിയാ രേ' പാടിയ നീതിമോഹന്‍, കാര്‍ത്തിക്, റഹ്മാന്റെ ഹിന്ദിഗാനങ്ങളിലെ പരിചിതശബ്ദമായ ജാവേദ് അലി, ഇന്ത്യ-കനേഡിയന്‍ ഗായികയായ ജോനിതാ ഗാന്ധി എന്നിവരാണ് ഗായകസംഘത്തിലുള്ളത്. ഡ്രമ്മില്‍ ഇടിമുഴക്കം സൃഷ്ടിക്കുന്ന രഞ്ജിത്ത് ബാറോട്ടാണ് ഓര്‍ക്കസ്ട്രയിലെ ഏറ്റവും ശ്രദ്ധേയമായ മുഖം.

ആധുനികസാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഒരുക്കിയിരിക്കുന്ന പ്രകാശ, വര്‍ണവിന്യാസവും വിദഗ്ധരായ കൊറിയോഗ്രാഫര്‍മാരുടെ ശിക്ഷണത്തില്‍ അണിനിരക്കുന്ന നര്‍ത്തകരുടെ സാന്നിധ്യവും ലൈവ്‌ഷോയ്ക്ക് മികവു പകരും. സ്റ്റേഡിയത്തിലൊരുക്കിയ 62 മീറ്റര്‍ നീളവും 24 മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍സ്റ്റേജ് യു.എ.ഇ.യില്‍ ഇന്നേവരെ ഒരുക്കിയതില്‍ ഏറ്റവും വലിയതാണ്.

എ.ആര്‍. റഹ്മാന്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെത്തിയത്. സംഘത്തിലെ മറ്റുഗായകരും ഓര്‍ക്കസ്ട്ര ടീമും നര്‍ത്തകരുമെല്ലാം നേരത്തേതന്നെ ഇവിടെയെത്തിയിരുന്നു. ടിക്കറ്റുകള്‍ മിക്കവാറും വിറ്റുതീര്‍ന്നു. അവശേഷിക്കുന്നവ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന കൗണ്ടറില്‍ ലഭ്യമാണ്.