അബുദാബി: പക്ഷിയെപ്പോലെ പറക്കാനും മത്സ്യത്തെപ്പോലെ നീന്താനും പഠിച്ച നാം മനുഷ്യരെപ്പോലെ ജീവിക്കാൻ മറന്നുപോയിരിക്കുന്നെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. കുട്ടികൾക്കെതിരേ നടക്കുന്ന ചൂഷണങ്ങളെ എങ്ങനെയെല്ലാം തടയാം, എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് അത്തരത്തിലുള്ള പ്രവൃത്തികൾ ഇന്ന് സമൂഹത്തിൽ വർധിക്കുന്നത് എന്നതിനെക്കുറിച്ചെല്ലാം അവർ സംസാരിച്ചു. അബുദാബിയിൽ നടക്കുന്ന ഇന്റർഫെയ്ത്ത് അലയൻസിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മത സാമൂഹിക നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ നിരുത്തരവാദപരമായ ഉപയോഗം ഇന്ന് സമൂഹത്തിന് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. കുട്ടികളുടെ ലൈംഗിക ചൂഷണങ്ങളിൽ വലിയ പങ്കാണ് ഇത്തരം സാമൂഹികമാധ്യമങ്ങൾക്കുള്ളത്. ഇതിൽ ഏറ്റവും പ്രശ്നം ക്യാമറകളുള്ള മൊബൈൽ ഫോണുകളാണ്. അന്യരുടെ സ്വകാര്യതയ്ക്ക്‌ ഇത്രയധികം വെല്ലുവിളി ഉയർത്തുന്ന മറ്റൊന്നില്ല. ഇതിനെതിരേ കർശനനിയമസംവിധാനം ഉണ്ടാവേണ്ടതുണ്ട്. പഴയ കാലഘട്ടത്തിൽ ആളുകൾക്ക് ഭൂതപ്രേതാദികളെയായിരുന്നു ഭയം. എന്നാൽ ഈ തലമുറയ്ക്ക് അത്തരം ഭയങ്ങളില്ല. എന്നാൽ സ്വന്തം കുളിമുറിയിലോ, വസ്ത്രം മാറുന്ന സ്ഥലത്തോ ഒളിക്യാമറകളെ ഭയക്കേണ്ടിവരുന്നവരാണ് ഇന്നുള്ളത്. അടുത്ത ബന്ധുക്കളിൽ നിന്നുപോലും ലൈംഗിക ചൂഷണങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ആയിരങ്ങളാണ് തന്നെ കാണാൻ എത്താറുള്ളതെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. പലരും ആത്മഹത്യയുടെ വക്കിൽനിന്നാണ് ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്. അച്ഛനും അമ്മാവനുമടക്കമുള്ളവരിൽ നിന്ന് ലൈംഗികപീഡനം ഏറ്റുവാങ്ങേണ്ടിവന്ന കുരുന്നുകളുണ്ട്. കൗൺസലിങ് നൽകിയിട്ടുപോലും പൂർണമായും ജീവിതത്തിലേക്ക് കടന്നുവരാത്തവർ. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായി ഓൺലൈൻ ചങ്ങാത്തത്തിന്റെ പുറത്ത് ഇറങ്ങിപ്പോയി ജീവിതം നഷ്ടമായവരുണ്ട്.

ദൈവസൃഷ്ടിയായ വെള്ളവും അഗ്നിയുമെല്ലാം മനുഷ്യജീവന് ഏറെ ആവശ്യമുള്ളതാണ്. എന്നാൽ അവയുടെ തെറ്റായ ഉപയോഗം മനുഷ്യജീവിതത്തെ ഇല്ലാതാക്കിക്കളയുമെന്നത് പോലെ തന്നെയാണ് ഇന്റർനെറ്റും. കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോണും കമ്പ്യൂട്ടറും നൽകുമ്പോൾ ചിലതെല്ലാം നിയന്ത്രിക്കാൻ നമ്മൾ തയ്യാറാവണം. വിശപ്പും ദാഹവും പോലെയാണ് ലൈംഗികത. അതൊരു ആവശ്യമാണ്. ലൗകികജീവിതം നയിക്കുന്നവർക്ക് ലൈംഗികത ആവശ്യമാണെങ്കിലും അത് വിവേകത്തോടെയും മനസമ്മതത്തോടെയും ആവണം. അതിന് മതാചാര്യന്മാർ ആധ്യാത്മികവശങ്ങളെക്കുറിച്ച് വിശ്വാസികളോട് പറഞ്ഞ് മനസ്സിലാക്കണം. വേദന അനുഭവിക്കുന്നവരോട് ഹൃദയത്തിന്റെ ഭാഷയാണ് ഏറ്റവും ഉത്തമം. ഭൂതകാലത്തിന്റെ ഇരുട്ടിലേക്കല്ല, പ്രതീക്ഷയുടെ വെളിച്ചത്തിലേക്കാണ് നാം അവരെ നയിക്കേണ്ടതെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

അബുദാബി നാഷണൽ എക്സിബിഷൻ സെന്റർ, വഹത് അൽ കരാമ എന്നിവിടങ്ങളിൽ നടന്ന സമ്മേളത്തിൽ മതനേതാക്കളും ഭരണാധികാരികളും പങ്കെടുത്തു.