ഷാര്‍ജ: അല്‍ നഹ്ദയില്‍ താമസകെട്ടിടത്തില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വന്‍തീപിടുത്തത്തില്‍ 12 പേര്‍ക്ക് നിസാര പരിക്കേറ്റു. അതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് പേര്‍ക്ക് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നല്‍കി. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങികിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലീസ് ഡ്രോണ്‍ ഉപയോഗിച്ചുവെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഡോ.അലി അബു അല്‍ സൗദ് പറഞ്ഞു.

 ഷാര്‍ജ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിതമായ പ്രവര്‍ത്തനമാണ് വന്‍ദുരന്തം ഒഴിവാക്കിയത്. രാത്രി ഒമ്പതുമണിയോടെയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ പാര്‍ക്കിങ് ഉള്‍പ്പെടെ 48 നിലകളുള്ള അബ്കോ ടവറിന് തീപിടിച്ചത്. പത്താംനിലയില്‍ നിന്നാണ് തീപടര്‍ന്നത്. പിന്നീടത് മുകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും കത്തിനശിച്ചു.

 തീജ്വാലകള്‍ വീണ് കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. സുരക്ഷയെ മുന്‍നിര്‍ത്തി അടുത്തുള്ള കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. പലരും സ്വന്തം വാഹനങ്ങള്‍ക്കുള്ളിലിരുന്നാണ് രാത്രി കഴിച്ചുകൂട്ടിയത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. മലയാളികളടക്കം നിരവധി ഇന്ത്യന്‍ കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. നാശനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടില്ല.

#BREAKING Fire breaks out at a residential tower block in #Sharjah in the UAE, residents have been evacuated. pic.twitter.com/obZ14Vvnta