ദുബായ്: മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ. ഭരണകൂടത്തില്‍നിന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. 

അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയില്‍ നിന്നാണ് മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. ഇരുതാരങ്ങളും സിനിമ മേഖലയ്ക്ക് നല്‍കുന്ന സംഭാവന മഹത്തരമെന്ന് മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദി പറഞ്ഞു. 

golden visa

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. പ്രവാസി വ്യവസായി എം.എ യൂസഫലിയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിലും ഗോള്‍ഡന്‍ വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 

മലയാളിയുടെ പോറ്റമ്മരാജ്യത്തില്‍നിന്നുള്ള ആദരം ഏറെ സന്തോഷമെന്ന് മമ്മൂട്ടി പ്രതികരിച്ചു. യു.എ.ഇ. ഭരണകൂടത്തില്‍നിന്നുള്ള ഗോള്‍ഡന്‍ വിസ മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ നേടിയ ഇന്ത്യന്‍ സിനിമാതാരങ്ങള്‍. 

content highlights: mammootty and mohanlal receives golden visa