അബുദാബി: കേരളത്തിൽ ചൂടുകാലത്തിന് തുടക്കമായിരിക്കുന്നു. ആ ചൂടിൽനിന്നാണ് മലയാളി സമാജം സ്‌നേഹസ്പർശം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ആറ് പ്രവാസികളുടെ മാതാപിതാക്കൾ അബുദാബിയിൽ എത്തിയത്. മരുഭൂമിയിലെ ചൂട് പ്രതീക്ഷിച്ച് വന്നവർക്ക് ഫെബ്രുവരിയുടെ തണുപ്പാണ് ആദ്യം വരവേറ്റത്. പദ്ധതിയുടെ ഭാഗമായി നടന്ന ആദ്യ വിനോദയാത്ര അൽ ഐനിലെ മനോഹാരിതയിലേക്കാണ് സംഘത്തെ എത്തിച്ചത്.

പച്ചപ്പും തണുപ്പുമുള്ള യു.എ.ഇയിലെ കാഴ്ചകൾ നാട്ടിൽ നിന്നെത്തിയവർക്ക് പ്രതീക്ഷിക്കാത്ത അനുഭവമായി. 67 മുതൽ 81 വയസ്സുവരെ പ്രായമുള്ളവർ ഉൾപ്പെട്ട സംഘത്തിന് ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമാണ് ഇത് സമ്മാനിച്ചത്. ജെബൽ ഹഫീത് മലമുകളിൽനിന്ന്‌ ഫോട്ടോകളെടുത്തും കുശലം പറഞ്ഞും മക്കൾ തൊഴിലെടുത്ത് ജീവിക്കുന്ന നാടിന്റെ കാഴ്ചകളിലേക്ക് മാതാപിതാക്കൾ മടങ്ങി. തിങ്കളാഴ്ചത്തെ യാത്രയ്ക്ക് ശേഷം തിരികെയെത്തിയ സംഘം ചൊവ്വാഴ്ച ദുബായ് നഗരത്തിന്റെ കാഴ്ചകൾ കാണാൻ പുറപ്പെടും. ചിത്രങ്ങളിൽ കണ്ട ബുർജ് ഖലീഫയെന്ന അദ്ഭുതം നേരിൽ കാണാൻ പോകുന്നതിന്റെ ആവേശത്തിലാണ് മാതാപിതാക്കൾ.