ഷാർജ: താമസിക്കുന്ന ഫ്‌ളാറ്റിലുണ്ടായ തീപ്പിടിത്തംമൂലം മലയാളി കുടുംബത്തിന് തിരിച്ചുകിട്ടിയത് ജീവൻമാത്രം. ഈ മാസം മൂന്നിനായിരുന്നു തളിപ്പറമ്പ് സെയ്ദ് നഗർ സ്വദേശി മൻസൂറിന്റെയും കുടുംബത്തിന്റെയും ജീവിതം തകർത്ത തീപ്പിടിത്തം സംഭവിച്ചത്.

ഷാർജ നാഷണൽ പെയിന്റിന് സമീപമുള്ള താമസയിടത്തിലായിരുന്നു സംഭവം. ദുബായ് ആർ.ടി.എ.യിൽ ജോലിചെയ്യുന്ന മൻസൂറിന് ഭാര്യയും വിദ്യാർഥികളായ രണ്ടുപെൺമക്കളുമാണ്. സംഭവം നടന്ന ദിവസം നേരത്തേ മൻസൂറിന് ജോലിക്കുപോകേണ്ടതിനാൽ അലാറംവെച്ചാണ് കിടന്നിരുന്നത്. പുലർച്ചെ മൂന്നിന് കിടക്കുന്ന മുറിയിൽ പുകമൂടി ശ്വാസംമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. അലാറം അടിച്ചതും അനുഗ്രഹമായി. പുറത്തിറങ്ങിയപ്പോൾ ഹാളിൽനിന്ന്‌ തീപടരുകയായിരുന്നു. മൻസൂറും കുടുംബവും ജനൽവഴി പുറത്തേക്ക് ചാടിരക്ഷപ്പെടുകയായിരുന്നു. ഫ്‌ളാറ്റിലെ എല്ലാം കത്തിച്ചാമ്പലായെന്ന് മൻസൂർ പറഞ്ഞു. നാലുപേരുടെയും പാസ്‌പോർട്ടുകൾ കയ്യിലുണ്ടെങ്കിലും ഒരു മകളുടെ പാസ്‌പോർട്ടിനു നാശം സംഭവിച്ചിട്ടുണ്ട്. സംഭവമറിഞ്ഞയുടൻ ഷാർജ പോലീസും അഗ്‌നിശമനവിഭാഗവും കുതിച്ചെത്തുകയും തീകെടുത്താൻ ശ്രമമാരംഭിക്കുകയും ചെയ്തു.

എല്ലാം നഷ്ടപ്പെട്ട് തെരുവിലായ കുടുംബത്തിന് കോഴിക്കോട് സ്വദേശി ബഷീർ എന്ന സുഹൃത്താണ് ഷാർജ കുവൈറ്റി ആശുപത്രിക്കടുത്ത വില്ലയിൽ താത്‌കാലിക അഭയം നൽകിയിരിക്കുന്നത്. ബഷീറിന്റെ കുടുംബം ഇപ്പോൾ നാട്ടിലാണ്. അവർ തിരിച്ചെത്തുന്നതിന് മുമ്പ് താമസിക്കാൻ മറ്റൊരിടം കണ്ടെത്തണമെന്നും മൻസൂർ പറഞ്ഞു. സകലതും തീകൊണ്ടുപോയ ഈ കുടുംബത്തിന് കരകയറുക എളുപ്പമല്ല. കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാണ്, നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടാണെന്ന് മൻസൂർ അറിയിച്ചു. സുമനസ്സുകളുടെ സഹായം കാത്തുകഴിയുകയാണ് ഈ കുടുംബം. മൻസൂറിന്റെ ഫോൺ നമ്പർ: 050 7752139

Content Highlights: Malayali Family in Sharjah need Help