അബുദാബി: വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അപൂർവയിനം താറാവുകളുടെ സംരക്ഷണ പദ്ധതിയുടെ സാക്ഷാത്കാരത്തിൽ യു.എ.ഇ. ‘മഡഗാസ്‌കൻ പോച്ചഡ്’ എന്നയിനത്തിൽപ്പെടുന്ന ഇരുണ്ട നിറമുള്ള താറാവുകളുടെ സംരക്ഷണത്തിനായി മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് നടത്തുന്ന പദ്ധതിയാണ് വിജയം കണ്ടത്.

2018-ലാണ് യു.എ.ഇ.യുടെ സഹായത്തോടെ ഇവയുടെ സംരക്ഷണ പദ്ധതിക്ക് തുടക്കമായത്. ലോകത്തിൽനിന്ന് ഏതാണ്ട് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ താറാവ് വർഗത്തിൽപ്പെട്ടവയുടെ 12 കുഞ്ഞുങ്ങളെ വടക്കൻ മഡഗാസ്കറിലെ സോഫിയ തടാകത്തിൽ കണ്ടെത്തിയ ശുഭവാർത്തയാണ് യു.എ.ഇ. ശ്രമങ്ങൾക്ക് കരുത്ത് പകരുന്നത്. യു.കെ. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൈൽഡ്ഫൗൾ ആൻഡ്‌ വെറ്റ്‌ലാൻഡ്‌സ് ട്രസ്റ്റാണ് താറാവുക്കുഞ്ഞുങ്ങൾ ശ്രദ്ധയിൽപ്പെട്ടത് ലോകത്തെ അറിയിച്ചത്.

2006 വരെ മാത്രം ലോകത്തുണ്ടാവുമെന്ന് കരുതിയിരുന്നവയാണ് ഈ ഇനം താറാവുകൾ. എന്നാൽ അപൂർവമായി മാത്രം മറ്റ് ചിലയിടങ്ങളിൽ ഇവയുടെ സാന്നിധ്യം കാണാനായിരുന്നു. താറാവുക്കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം പകരുന്നതാണെന്ന് മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് എം.ഡി. റസാൻ അൽ മുബാറഖ് പറഞ്ഞു. സ്വാഭാവികമായ വാസസ്ഥലത്ത് സ്വച്ഛമായി ജീവിക്കാനോ ഇരതേടാനോ ഉള്ള കഴിവ് ഇവയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി നൽകപ്പെടുന്ന ഭക്ഷണമാണ് ഇവ കഴിക്കുന്നത്. ചുഴലിക്കാറ്റിനെയും തണുപ്പിനെയും മഴയേയുമെല്ലാം പ്രതിരോധിക്കും വിധം ഇവയുടെ തൂവലുകൾ ശക്തമാവുന്നത് വരെ അതീവ ശ്രദ്ധയോടെയുള്ള പരിചരണം ഇവയ്ക്ക് ആവശ്യമാണ്.

Content Highlights: Madagascar Pochard conservation project