ദുബായ്: വിമാനത്താവളങ്ങളിൽ ബിസിനസ് ക്ലാസ് യാത്രക്കാർക്കും പ്രത്യേക കാർഡ് ഉടമകൾക്കും മാത്രമായിരുന്ന ലക്ഷ്വറിലോഞ്ച് ഇനി വേണമെങ്കിൽ ഇക്കോണമിക്ലാസ് യാത്രക്കാർക്കും ഉപയോഗിക്കാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ആരംഭിച്ച പ്ലാസ പ്രിമീയംലോഞ്ചാണ് ഈ സൗകര്യം ഉറപ്പുവരുത്തുന്നത്.

ദുബായ് വിമാനത്താവളത്തിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ആദ്യ ലോഞ്ച് കൂടിയാണ് ഇത്. സൗകര്യം ഉപയോഗിക്കുന്നവർ പ്രത്യേകനിരക്ക് നൽകണമെന്ന് മാത്രം. ടെർമിനൽ മൂന്നിലെ കോൺകോർസ് എ യുടെ ഡിപ്പാർച്ചർഗേറ്റിന് അടുത്തായാണ് ആധുനികസൗകര്യങ്ങളെല്ലാമുള്ള പുതിയ ലോഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. ക്ലാസ് വ്യത്യാസമില്ലാതെ എല്ലാ യാത്രക്കാർക്കും ഇവിടെവന്ന് സൗകര്യങ്ങൾ ആസ്വദിക്കാം. 1260 ചതുരശ്ര മീറ്റർ സ്ഥലത്താണ് ലോഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. മുന്നൂറ്്‌ പേർക്കുവരെ ഒരേസമയം ഇവിടെ ഇരിക്കാനുള്ള സൗകര്യമുണ്ട്. ഫാമിലി സ്യൂട്ട്, സ്വകാര്യതയുള്ള ഫസ്റ്റ്ക്ലാസ് കാബിൻ, കുട്ടികളുടെ കളിസ്ഥലം എന്നിവയും ലഭ്യമാണ്.

ഹോങ്‌കോങ് ആസ്ഥാനമായുള്ള പ്ലാസ പ്രിമീയം ഗ്രൂപ്പാണ് ദുബായ് വിമാനത്താവളവുമായി സഹകരിച്ച് ലോഞ്ച് ഒരുക്കിയത്. എഴുപതിലേറെ വിമാനക്കമ്പനികൾ ലോകത്തെ 220 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന ലോകത്തിലെത്തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ്. ഇവരിൽത്തന്നെ 80 ശതമാനവും ഇക്കോണമിക്ലാസ് യാത്രക്കാരാണ്. അവർക്കുകൂടി ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാസ പ്രിമീയം ലോഞ്ച് തുറന്നിരിക്കുന്നത്. അടുത്തമാസം 29 വരെ നിരക്കിൽ 25 ശതമാനത്തിന്റെ ഇളവ് ലഭിക്കും.

ലോഞ്ചിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് പ്ലാസ പ്രിമീയംഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒ. യുമായ സോങ് ഹോയ് സീയും ദുബായ് എയർപ്പോർട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ യൂജീൻ ബാറിയും ചേർന്ന് നിർവഹിക്കും. ലോകത്തെ 46 വിമാനത്താവളങ്ങളിലായി പ്ലാസ ഗ്രൂപ്പിന് 160 ലോഞ്ചുകളുണ്ട്. അബുദാബി, ദമാം, റിയാദ്, സലാല എന്നിവിടങ്ങളിലും പ്ലാസയുടെ ലോഞ്ച് പ്രവർത്തിക്കുന്നുണ്ട്‌

Content Highlight: Luxury lounge for economy travellers in dubai