അബുദാബി: ലുലുവിൽ ലോകത്തെങ്ങുമുള്ള ഭക്ഷ്യവിഭവങ്ങളുടെ മേളയായ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. മാർച്ച് ഏഴുവരെ യു.എ.ഇയിലെ ലുലു ശാഖകളിൽ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം നടക്കും.

ഇരുപത്തഞ്ചോളം രാജ്യങ്ങളിൽനിന്നുള്ള പാചക വിദഗ്ധരുടെ നേതൃത്വത്തിൽ 300 പാചക മത്സരവും 20 വ്യത്യസ്ത അവതരണങ്ങളും നടക്കും. യു.എ.ഇ. ലുലു ശാഖകൾ നാല് വിഭാഗമാക്കി തരംതിരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

വേൾഡ് ട്രേഡ് സെന്റർ അബുദാബിയിൽ മേളയുടെ ഉദ്ഘാടനം റീജണൽ ഡയറക്ടർ അബൂബക്കറിന്റെ സാന്നിധ്യത്തിൽ പ്രശസ്ത പാചകവിദഗ്ധ മനാൽ അൽ ആലെം നിർവഹിച്ചു. ദുബായ് മേള റീജണൽ ഡയറക്ടർ കെ.പി. തമ്പാന്റെ സാന്നിധ്യത്തിൽ അഭിനേത്രി നെവേൻ മാദി നിർവഹിച്ചു. അൽ ഐനിൽ ലുലു റീജണൽ ഡയറക്ടർ ഷാജി ജമാലുദ്ധീന്റെ സാന്നിധ്യത്തിൽ യു.എ.ഇ. ഫെഡറൽ നാഷണൽ കൗൺസിൽ അഗം ശൈഖ് സലിം ബിൻ റഖാദ് അൽ അമീരി, സിനിമാതാരം മിഥുൻ രമേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു.

ഷാർജയിലെ മേള റീജണൽ ഡയറക്ടർ എം.എ. നൗഷാദിന്റെ സാന്നിധ്യത്തിൽ ഗവൺമെന്റ് പ്രതിനിധികളായ അബ്ദുൽ അസീസ് മുഹമ്മദ് ഹുമൈദ് ശതാഫ്, മെത്ഹാത് മുനീർ മുഹമ്മദ് എന്നിവർ ചേർന്ന് നിർവഹിച്ചു. 15 വർഷമായി ലുലുവിൽ ലോക ഭക്ഷ്യമേള നടക്കുന്നതായും ഇത്തവണ വിവിധ രാജ്യങ്ങളുടെ എംബസിയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും ഗ്രൂപ്പ് ഡയറക്ടർ എം.എ. സലിം പറഞ്ഞു.

Content Highlights: Lulu world food festival began