ദുബായ്: ‘ലൂസിഫർ’ വലിയ സിനിമയാണെന്ന് അവകാശപ്പെടാനില്ല. പക്ഷെ എല്ലാതരത്തിലും നല്ലൊരു സിനിമയായിരിക്കും അത്- സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ പറയുന്നു. 28-ന് നടക്കുന്ന ലൂസിഫർ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ദുബായിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ മോഹൻലാലിനെത്തന്നെ നായകനായി കിട്ടണം എന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം. ലാലേട്ടന്റെ വലിയ ആരാധകനാണ് ഞാൻ. അതുപോലെത്തന്നെ മഞ്ജുവാര്യരുടെയും വലിയ ആരാധകനാണ്. മലയാളത്തിൽ ആര് സിനിമ ചെയ്യുമ്പോഴും ഇവരെയും മമ്മൂക്കയെയുമെല്ലാമാണ് ആദ്യം ആഗ്രഹിക്കുക. ഇവരെ രണ്ടുപേരെയും തന്റെ ആദ്യസിനിമയിൽത്തന്നെ പ്രധാന വേഷങ്ങളിൽ കിട്ടിയെന്നത് തന്റെ ഭാഗ്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

സിനിമ കുട്ടിക്കാലം മുതൽ ഒരു വികാരമായി കൊണ്ടുനടന്ന വ്യക്തിയാണ് പൃഥ്വിരാജെന്ന് മോഹൻലാൽ പറഞ്ഞു. കുട്ടിക്കാലം മുതൽ അത് അറിയാം. ഇതുവരെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ കഴിയുന്നത് വലിയ കാര്യമായി. സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് ഈ സിനിമയ്ക്കായി ഏറെ അധ്വാനിച്ചിട്ടുണ്ട്. പ്രേക്ഷകർ ഇത് സ്വീകരിക്കുകത്തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും കരുത്തുള്ള കഥാപാത്രമായിരിക്കും ലൂസിഫറിലെ പ്രിയദർശിനിയെന്ന് നടി മഞ്ജുവാര്യരും പറഞ്ഞു.

ലൂസിഫർ എന്ന സിനിമയിൽ രാഷ്ട്രീയം പ്രമേയമാകുന്നുണ്ടെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. മോഹൻലാലിനൊപ്പം സഹോദരനായ ഇന്ദ്രജിത്ത് സുകുമാരനും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. കഴിവുള്ള നടനാണ് അദ്ദേഹം. ഇന്ദ്രജിത്തിനെ മലയാളസിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫർ വലിയ വാണിജ്യവിജയം ആകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു. സിനിമ ചർച്ചാവിഷയമാക്കാനല്ല, വാണിജ്യവിജയം ആകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടൻ ടൊവീനോ തോമസ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും ഗൾഫ് നാടുകളിലെ വിതരണക്കാരായ ഫാർസ് ഫിലിംസ് ഹോട്ടൽ അർമാനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംബന്ധിച്ചു.

സിനിമയുടെ ട്രെയിലർ പ്രകാശനം വെള്ളിയാഴ്ച വൈകീട്ട് അബുദാബി ഡൽമാമാളിൽ നടക്കും. സിനി റോയൽ സിനിമയാണ് ഇത് ഒരുക്കുന്നത്.

Content Highlights: lucifer malayalam movie promotional press meet in dubai,lucifer mohanlal,lucifer trailer,lucifer