ദുബായ്: വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കണക്കെടുക്കുന്ന വിഷയത്തില്‍ സര്‍ക്കാരില്‍നിന്നുള്ള നിര്‍ദേശം കിട്ടാത്തതിനാല്‍ എംബസികളും നോര്‍ക്ക റൂട്ട്‌സും ആശയക്കുഴപ്പത്തില്‍.

ഗള്‍ഫിലെ ആശുപത്രികളുമായും പ്രവാസി സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ എംബസിക്കും നോര്‍ക്ക റൂട്ട്‌സിനും മരിച്ചവരുടെ പട്ടിക തയ്യാറാക്കാന്‍ കഴിയൂ. കേന്ദ്രത്തില്‍നിന്നോ കേരളത്തില്‍നിന്നോ സര്‍ക്കാര്‍തലത്തില്‍ ഒരു നിര്‍ദേശവും വരാത്തതിന്റെ പ്രതിഷേധം പ്രവാസലോകത്തുണ്ട്.

ഗള്‍ഫില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്ക് കിട്ടാന്‍ എംബസികള്‍ മാത്രമാണ് ഔദ്യോഗിക ആശ്രയം. യു.എ.ഇ.യിലെ ഇന്ത്യന്‍ എംബസിയുടെ കൈയില്‍ കണക്കുകളുണ്ട്. എന്നാല്‍ സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് കൃത്യമായ പട്ടികയില്ല. ആ രാജ്യങ്ങളിലെ സാമൂഹികസാഹചര്യങ്ങളാണ് അത്തരം അവസ്ഥയ്ക്ക് കാരണം. കുവൈത്തില്‍ കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളില്‍ മരിച്ച നിരവധി വിദേശികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ നടപടികള്‍ക്ക് മുന്‍പ് തന്നെ പ്രോട്ടോകോള്‍പ്രകാരം സംസ്‌കരിക്കേണ്ടി വന്നിട്ടുണ്ട്. മൃതദേഹത്തില്‍നിന്ന് ലഭിച്ച രേഖകള്‍ നോക്കി പിന്നീട് ആ മരണങ്ങള്‍ എംബസിയെ അറിയിക്കുകയാണ് ചെയ്തിട്ടുള്ളത്. കോവിഡ് ബാധിച്ചുള്ള ചില മരണങ്ങള്‍ രോഗംമൂലമാണെന്ന് രേഖപ്പെടുത്തിയിട്ടുമില്ല. കോവിഡ് അനുബന്ധമായ ന്യുമോണിയ, ഹൃദയാഘാതം തുടങ്ങിയവ വന്ന് മരിച്ചവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതേസമയം കോവിഡ് ബാധിച്ചുമരിച്ച മലയാളികളില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് യു.എ.ഇ.യിലെ സാമൂഹ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

കോവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ട് ദിവസങ്ങളായി. എന്നാല്‍ മരിച്ച ഇന്ത്യക്കാരുടെ കണക്കെടുക്കാന്‍ എംബസികള്‍ക്ക് കേന്ദ്രസര്‍ക്കാരോ, നോര്‍ക്ക റൂട്ട്‌സിന് കേരള സര്‍ക്കാരോ ഇതുവരെ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. അതുകൊണ്ട് മരിച്ച ഇന്ത്യക്കാരുടെ പട്ടിക തയാറാക്കുന്ന നടപടിയുടെ ആദ്യഘട്ടംപോലും ഗള്‍ഫില്‍ തുടങ്ങിയിട്ടില്ല.