ഷാർജ: ഷാർജ സർക്കാരിന് കീഴിലുള്ള ലേബർ സ്റ്റാന്റേർഡ്‌സ് ഡെവലപ്പ്‌മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ലേബർ സ്പോർട്‌സ് ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കം. 2020 മാർച്ച് 27 വരെയാണ് ടൂർണമെൻറ്. എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴുമണി മുതൽ വൈകീട്ട് 5.30 വരെ ഷാർജ വിമാനത്താവളത്തിന് എതിർവശത്തുള്ള നാഷണൽ പാർക്കിലെ സ്പോർട്‌സ് കൗൺസിൽ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുകയെന്ന് ലേബർ സ്റ്റാന്റേർഡ്‌സ് ഡെവലപ്പ്‌മെൻറ് അതോറിറ്റി ചെയർമാൻ സാലേം യൂസഫ് അൽ ഖസീർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ടൂർണമെന്റിലെ വിജയികൾക്ക് 2,50,000 ദിർഹം വിലമതിക്കുന്ന കാഷ് പ്രൈസുകളും ട്രോഫികളും സമ്മാനങ്ങളും ലഭിക്കും. മത്സരിക്കുന്നവർക്കും മത്സരം വീക്ഷിക്കാനെത്തുന്നവർക്കും സമ്മാനങ്ങൾ നേടാനുള്ള അവസരവും ടൂർണമെന്റിൽ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രശസ്തരായ കളിക്കാരെകാണാനും അവരോടൊപ്പം കളിക്കാനുമുള്ള അവസരം ലഭിക്കും. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഷാർജ കിരീടാവകാശിയുടെയും പ്രത്യേകമാർഗനിർദേശപ്രകാരമാണ് 2017-ൽ ലേബർ സ്പോർട്‌സ് ടൂർണമെന്റ് ആരംഭിച്ചതെന്ന് അതോറിറ്റി ചെയർമാൻ അറിയിച്ചു.

ഈ വർഷത്തെ ലേബർ സ്‌പോർട്‌സ് ടൂർണമെന്റിൽ ക്രിക്കറ്റ്, വോളിബോൾ, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ഹോക്കി എന്നീ അഞ്ച് ഗെയിമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയിലെ എല്ലാ പുരുഷതൊഴിലാളികൾക്കും ടൂർണമെൻറിൽ പങ്കെടുക്കാം. മത്സരങ്ങൾ വീക്ഷിക്കാനെത്തുന്ന ജീവനക്കാരുടെ കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രത്യേകസൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കുട്ടികൾക്കുള്ള വിവിധ വിനോദപരിപാടികൾ പ്രത്യേകമായി ഒരുക്കും.

രാഷ്ട്രനിർമാണത്തിന് വിലയേറിയ സംഭാവന നൽകുന്ന തൊഴിലാളികളുടെ കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് സ്പോർട്‌സ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. 35 ടീമുകളുമായി 2017-ലാണ് ടൂർണമെന്റ് ആരംഭിച്ചത്. ഈ വർഷം 140 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. തൊഴിലാളികളിൽ പലരും തങ്ങളുടെ അസൗകര്യങ്ങൾ നിറഞ്ഞ, പരിമിതമായ ചുറ്റുപാടുകളിൽ ക്രിക്കറ്റ്, വോളിബോൾ, ഫുട്‌ബോൾ, ബാസ്കറ്റ് ബോൾ, ഹോക്കി തുടങ്ങിയവ കളിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ലേബർ സ്പോർട്‌സ് ടൂർണമെന്റ് നടത്താൻ തീരുമാനിച്ചതെന്ന് ഷാർജ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ ഇസ്സാ ഹിലാൽ അൽ ഹസാമി പറഞ്ഞു. ഷാർജ സ്പോർട്‌സ് കൗൺസിലിന്റെയും റീച്ച് ടാർഗറ്റ് സ്പോർട്‌സ് സർവീസസിന്റെയും സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഷാർജ പോലീസ് അടക്കമുള്ള സർക്കാർ വകുപ്പുകളുടെയും വിവിധസ്വകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തവും ലേബർ സ്പോർട്‌സ് ടൂർണമെന്റിലുണ്ട്. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ടൂർണമെൻറിൽ ഉൾപ്പെടുത്തും. കൂടാതെ വനിതാതൊഴിലാളികൾക്കായി സമാനമായ ടൂർണമെന്റ് നടത്താനും പദ്ധതിയുണ്ട്. നിലവിൽ ലേബർസ്പോർട്‌സ് ടൂർണമെന്റ് പുരുഷന്മാർക്ക് മാത്രമുള്ളതാണ്. ലേബർ സ്പോർട്‌സ് ടൂർണമെന്റിന്റെ സ്പോൺസർമാരായി ഷാർജയിലെ വിവിധസർക്കാർ വകുപ്പുകളും നിരവധി സ്വകാര്യകമ്പനികളും പ്രവർത്തിക്കുന്നുണ്ട്. ഷാർജ എമിറേറ്റിലെ ഭൂരിഭാഗം തൊഴിലാളികളും താമസിക്കുന്ന സജ്ജക്കും മറ്റ് ലേബർ ക്യാമ്പുകൾക്കും അടുത്തായതിനാലാണ് ലേബർ സ്പോർട്‌സ് ടൂർണമെന്റിന്റെ വേദിയായി ഷാർജ നാഷണൽ പാർക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഷാർജ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ ഇസ്സാ ഹിലാൽ അൽ ഹസാമി അറിയിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്ക് അതത് ലേബർ ക്യാമ്പുകൾ ഗതാഗതസൗകര്യമൊരുക്കും. ഭാവിയിൽ, ഖൊർഫക്കൻ, ദെയ്ദ്, കൽബ തുടങ്ങിയ സ്ഥലങ്ങൾ ടൂർണമെന്റിന്റെ വേദിയായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: labour sports tournament