കുവൈത്ത് സിറ്റി: കുവൈത്തിൽ മെട്രോ റെയിൽ പദ്ധതിയുടെ നിർമാണം ഉടനെ ആരംഭിക്കും. ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ടിന്റെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ നിർമാണം .
കുവൈത്ത് സിറ്റിയിലെ ബിസിനസ്, ട്രേഡ് സെന്റർ പ്രദേശത്ത് നിന്ന് ആരംഭിച്ച് 68 സ്റ്റേഷനുകൾ ഉൾപ്പെടെ 160 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി അഞ്ചുഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ കുവൈത്ത് വിമാനത്താവളത്തിൽനിന്ന് കുവൈത്ത് സിറ്റിയിലെ ബിസ്നസ്സ്, ട്രേഡ് സെന്റർ, കിഴക്കൻ ബിദ പ്രദേശം വരെ ബന്ധിപ്പിക്കുന്ന 50 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമാണമാണു പൂർത്തിയാക്കുക. രാജ്യത്തെ ഒട്ടേറെ ഗവർണറേറ്റുകൾ വഴി കടന്നു പോകുന്ന ഈ പാത വിവിധ വാണിജ്യ കേന്ദ്രങ്ങളിലെ ഒമ്പതുസ്റ്റേഷനുകൾ ഉൾപ്പെടെ 27 സ്റ്റേഷനുകളുമായും ബന്ധിപ്പിക്കും.
വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വഴി ഉയർന്നതും സുരക്ഷിതവുമായ ഗതാഗത സേവനം നൽകുന്നതോടൊപ്പം യാത്രക്കാർക്ക് യാത്രാ ചെലവും സമയവും ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ടു കൊണ്ടാണു നടപ്പാക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രോകാർബൺ തുടങ്ങിയവ മൂലമുള്ള വായുമലിനീകരണം കുറച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനു പ്രാമുഖ്യം നൽകുന്നതാണ് പദ്ധതി. രാജ്യത്തെ നിലവിലെ പൊതുഗതാഗത സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ചു കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക.
Content Highlights: kuwait metro