ഷാർജ: പ്രവാസിയുടെ ഹൃദയമിടിപ്പിന്റെ ചൂടും ചൂരുമറിഞ്ഞ് ഇത്തവണയും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 പ്രസിദ്ധീകരിക്കുന്ന ‘കിതാബ്’ എത്തുന്നു. കിതാബ് നാലാം എഡിഷൻ പ്രകാശനം വെള്ളിയാഴ്ച രാത്രി 9.15-ന് നടക്കും. ഡിസ്‌കഷൻ ഫോറം രണ്ടിൽ എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് ചീഫ് സബ് എഡിറ്ററുമായ സുഭാഷ് ചന്ദ്രൻ പ്രകാശനം നിർവഹിക്കും.

ശ്രോതാക്കളുടെ തിരഞ്ഞെടുത്ത നൂറോളം കഥകളും കവിതകളുമാണ് കിതാബിനെ ഇത്തവണയും സമ്പുഷ്ടമാക്കിയിരിക്കുന്നത്. പുസ്തകോത്സവത്തിന്റെ ആദ്യദിവസം മാതൃഭൂമി സ്റ്റാളിൽ നടന്ന ലളിതമായ ചടങ്ങിൽ കിതാബിന്റെ കവർപ്രകാശനം എഴുത്തുകാരൻ കെ.പി. രാമനുണ്ണി നിർവഹിച്ചു. പ്രവാസിമലയാളികളുടെ സാഹിത്യസൃഷ്ടികൾക്ക് മികച്ച അവസരമാണ് കിതാബിലൂടെ കൈവന്നിരിക്കുന്നതെന്ന് കെ.പി. രാമനുണ്ണി പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എക്സ്‌റ്റേണൽ അഫയേഴ്‌സ് എക്സിക്യുട്ടീവ് മോഹൻകുമാർ, മാതൃഭൂമി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രൻ, ക്ലബ്ബ് എഫ്.എം. പ്രോഗ്രാമിങ് ഹെഡ് പാർവതി മേനോൻ തുടങ്ങിയവർ സംബന്ധിച്ചു.

Content Highlights: Kitab Book release