ദുബായ്: ജപ്പാൻ, കൊറിയ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും കേരളത്തിൽനിന്ന് വിമാനം കയറുമ്പോൾ മഹാരാഷ്ട്രയിൽ സംഘപരിവാറിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു. എന്നാൽ, ശനിയാഴ്ച കാലത്ത് ദുബായിൽ വിമാനമിറങ്ങിയ സംഘം മഹാരാഷ്ട്രയിലെ വാർത്തകൾകേട്ട് അന്തംവിട്ടു. ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഒരു പകൽ ചെലവിടാനായാണ് സംഘം ദുബായിൽ ഇറങ്ങിയത്.
എമിറേറ്റ്‌സ് വിമാനത്തിലാണ് രാവിലെ ഏഴരയോടെ എത്തിയത്. മന്ത്രി എ.കെ. ശശീന്ദ്രനെ സ്വീകരിക്കാനെത്തിയ സാമൂഹികപ്രവർത്തകനായ സുമേഷായിരുന്നു ആദ്യം വിവരം ധരിപ്പിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞു എന്നുകേട്ടതോടെ പിന്നെ കേരളത്തിലേക്കും മുംബൈയിലേക്കും വിമാനത്താവളത്തിൽനിന്നുതന്നെ വിളിയോടുവിളിയായി. എ.കെ. ശശീന്ദ്രനായിരുന്നു വലിയ പ്രയാസം. ദേശീയ പ്രസിഡന്റ് ശരത് പവാറും കളംമാറിയോ എന്നറിയാനായിരുന്നു എല്ലാവരുടെയും ആകാംക്ഷ. പവാറിന്റെ എല്ലാ ഫോണുകളും ബിസിയായിരുന്നു. പ്രഫുൽ പട്ടേലിന്റെ നമ്പറിലേക്കും മാറിമാറിവിളിച്ചു. ഒടുവിലാണ് സംഘത്തിന് ആശ്വാസമായത്. പവാറിന്റെ അറിവില്ലാതെയാണ് പുലർച്ചെ നടന്ന നാടകങ്ങൾ എന്നുവ്യക്തമായതോടെ എല്ലാവരും ലീ മെറിഡിയനിലെ മുറികളിലേക്ക് മടങ്ങി.
എന്നാൽ, കേരളത്തിലെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നതിനാൽ പ്രഭാതഭക്ഷണവേളയിൽ സംഘം ഒന്നിച്ചിരുന്ന് വിഷയം സംസാരിച്ചു. മുഖ്യമന്ത്രിയുടെകൂടി സമ്മതത്തോടെ എ.കെ. ശശീന്ദ്രൻ മാധ്യമപ്രവർത്തകരെ കാണാൻ സമയം നിശ്ചയിച്ചു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും ഒപ്പം പാർട്ടി കേരളഘടകം ഒറ്റക്കെട്ടായിനിൽക്കുന്നുവെന്ന പ്രഖ്യാപനവും പത്രസമ്മേളനത്തിൽ എ.കെ. ശശീന്ദ്രൻ നടത്തി. മുഖ്യമന്ത്രിക്കും സംഘത്തിനും ശനിയാഴ്ച പൊതുപരിപാടികളൊന്നും ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിന് സംഘം പുറത്തുപോയി. രാത്രി പന്ത്രണ്ടരയോടെ വിമാനത്താവളത്തിലേക്ക് തിരിച്ച സംഘം ഞായറാഴ്ച പുലർച്ചെ മൂന്നുമണിക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് ജപ്പാനിലേക്ക് പറന്നത്.
Content Highlights: kerala cm pinarayi vijayan and ministers heard maharashtra news from dubai