അബുദാബി: കേരളാ സോഷ്യൽ സെന്ററിൽ നടന്നുവന്ന കഥകളിമേള ‘കൗന്തേയ’ത്തിന് തിരശ്ശീല വീണു. കുന്തീപുത്രന്മാരായ കർണൻ, അർജുനൻ, ഭീമൻ, യുധിഷ്ഠിരൻ എന്നിവരുടെ കഥയാണ് മൂന്നുദിവസം നീണ്ടുനിന്ന കൗന്തേയത്തിൽ അവതരിപ്പിച്ചത്. ആദ്യദിനം കർണശപഥത്തിലൂടെ കർണന്റെ മാനസിക വ്യഥകളെ കലാമണ്ഡലം ഗോപി അവിസ്മരണീയമാക്കി. രണ്ടാംദിനം സുഭദ്രാഹരണവും മൂന്നാംദിനം കല്യാണസൗഗന്ധികവുമാണ് അരങ്ങേറിയത്. കഥകളിയിലെ മുഖ്യസ്ഥാനീയരായ നിരവധി കലാകാരന്മാരുടെ സംഗമവേദിയായി കൗന്തേയം. ഇരുപത്തൊന്ന് കലാകാരന്മാരാണ് മേളയ്ക്കായി അബുദാബിയിൽ എത്തിയിരുന്നത്. ഇവർക്കൊപ്പം മേളയുടെ രണ്ടാംദിനം നടന്ന പുറപ്പാടിലും മേളപ്പദത്തിലും യു.എ.ഇ.യിൽനിന്നുള്ള ഒരു കലാകാരന്റെ സാന്നിദ്ധ്യവുമുണ്ടായി. അബുദാബി ഇന്ത്യൻ സ്കൂൾ ആറാംതരം വിദ്യാർഥി അദ്വൈത് നായരാണ് വേഷമവതരിപ്പിച്ചത്. നാട്ടിൽ അവധിക്ക് പോകുമ്പോഴും കലാകാരന്മാർ യു.എ.ഇ.യിൽ എത്തുമ്പോഴുമാണ് അദ്വൈത് കഥകളി പഠിക്കുന്നത്.

കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം പ്രവീൺ, കലാനിലയം വിനോദ്, മാർഗി വിജയകുമാർ, കലാമണ്ഡലം വിപിൻ എന്നിവർ വിവിധ വേഷങ്ങൾ അവതരിപ്പിച്ചു. പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം ബാബു നമ്പൂതിരിയും കലാമണ്ഡലം കൃഷ്ണകുമാറും മേളയെ സംഗീതസാന്ദ്രമാക്കി. കലാമണ്ഡലം രാജനാരായണൻ, കലാമണ്ഡലം ഹരിഹരൻ എന്നിവർ മദ്ദളത്തിൽ അകമ്പടി സേവിച്ചു. കലാനിലയം ഷാജി, ഏരൂർ മനോജ് എന്നിവരാണ് ചുട്ടി കുത്തിയത്. പള്ളിപ്പുറം ഉണ്ണിക്കൃഷ്ണൻ, പനമന അരുൺ എന്നിവർ അണിയറയിൽ സേവനങ്ങൾ നൽകി. സന്ദർശൻ കഥകളി വിദ്യാലയമാണ് കളിയോഗം ചിട്ടപ്പെടുത്തിയത്. ഡോ. പി. വേണുഗോപാലന്റെ കഥാവതരണം സദസ്യർക്ക് കഥകളി കൂടുതൽ ആസ്വാദ്യമാക്കി.

Content highlights: Kautheyam Kathakali Fest End