കരിപ്പൂര്‍: ഗള്‍ഫ് മേഖലയില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് കോഴിക്കോട്ടുനിന്നുള്ള വിമാനസര്‍വീസുകളെ ബാധിച്ചു. വിവിധ വിമാനക്കമ്പനികളുടെ നാലു സര്‍വീസുകളാണ് തിങ്കളാഴ്ച മണിക്കൂറുകള്‍ വൈകിയത്.

എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ കോഴിക്കോട് -ദമാം, ജെറ്റ് എയര്‍വേയ്‌സിന്റെ കോഴിക്കോട് -ദമാം, സ്‌പൈസ് ജെറ്റിന്റെ കോഴിക്കോട് -ദുബായ്, എയര്‍ ഇന്ത്യയുടെ കോഴിക്കോട് -റാസല്‍ഖൈമ സര്‍വീസുകളാണ് മണിക്കൂറുകള്‍ വൈകിയത്.

ഞായറാഴ്ച രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്​പ്രസ് ദമാം വിമാനം തിങ്കളാഴ്ച രാവിലെ 6.30-നാണ് കോഴിക്കോട് വിട്ടത്. ഞായറാഴ്ചയിലെ ജെറ്റ് എയര്‍ സര്‍വീസ് തിങ്കളാഴ്ച രാവിലെ ആറിനും തിങ്കളാഴ്ച പുലര്‍ച്ചെ 1.25-നുള്ള സ്‌പൈസ് ജറ്റ് വിമാനം രാവിലെ 5.30-നുമാണ് കോഴിക്കോട്ടുനിന്നും പറന്നുയര്‍ന്നത്.

തിങ്കളാഴ്ചരാവിലെ 10.40-നുള്ള എയര്‍ ഇന്ത്യ റാസല്‍ഖൈമ വിമാനം വൈകീട്ട് 5.40-നാണ് കോഴിക്കോടു വിട്ടത്. ഡല്‍ഹിയിലെ മൂടല്‍മഞ്ഞാണ് വിമാനത്തെ ബാധിച്ചത്. നിരവധി യാത്രക്കാരാണ് മൂടല്‍മഞ്ഞുമൂലം ബഹ്‌റൈന്‍ ദമാം മേഖലകളില്‍ കുടുങ്ങിയത്.