ദുബായ്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിമാനത്താവളത്തിന്റെ ഒന്നാം വാർഷികവേളയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ‘എമേർജിങ് കണ്ണൂർ’ സംഘാടക സമിതി ഭാരവാഹികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസം അബുദാബിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിലുണ്ടായിരുന്ന അന്നത്തെ നൂറിലേറെ യാത്രക്കാരുടെ പ്രതിനിധികളും യു.എ.ഇ.യിലെ സാമൂഹികപ്രവർത്തകരും ചേർന്നാണ് എമേർജിങ് കണ്ണൂർ എന്ന മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. കണ്ണൂരിലെ ആദ്യ അന്താരാഷ്ട്ര വിമാന സർവീസിൽ അബുദാബിയിലേക്ക് യാത്രചെയ്തവർ ഇത്തവണ അതേ റൂട്ടിൽ പ്രതിഷേധയാത്ര എന്ന പേരിലാണ് ഇവിടെയെത്തിയത്. വിദേശ വിമാനക്കമ്പനികൾക്ക് ഇതുവരെ കണ്ണൂരിലേക്ക് പറക്കാൻ അനുമതി കിട്ടിയിട്ടില്ല. ഒട്ടേറെ വിദേശ വിമാനക്കമ്പനികൾ കണ്ണൂരിലേക്ക് വരാൻ സന്നദ്ധത നേരത്തേതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അനുമതിനൽകാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ടൂറിസം, ആരോഗ്യം, കൈത്തറി എന്നീ മേഖലകളിലേക്ക് ധാരാളം ആവശ്യക്കാരുണ്ട്. മതിയായ യാത്രാസൗകര്യം ഇല്ലാത്തതിനാൽ വിമാനത്താവളം വരുമ്പോൾ ആ മേഖലകളിലേക്ക് പ്രതീക്ഷിച്ചിരുന്ന കുതിപ്പ് ഒരു വർഷമായിട്ടും നടപ്പായിട്ടില്ല. ഇത് പരിഹരിക്കേണ്ടതുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിദേശവിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള നടപടിക്രമങ്ങളുടെ ആദ്യ ഘട്ടമായി പോയന്റ് ഓഫ് കോൾ പട്ടികയിൽ കണ്ണൂരിനെയും ഉൾപ്പെടുത്തണം. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും കണ്ണൂരിലുണ്ട്. പക്ഷേ, ഇപ്പോഴും പരമാവധി 180 പേർക്ക് യാത്രചെയ്യാവുന്ന വിമാനങ്ങളാണ് കണ്ണൂരിൽ സർവീസ് നടത്തുന്നത്. ഇത് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമാകുന്നു. കാർഗോ നീക്കത്തിനും ഇതുകാരണം പ്രോത്സാഹനം ലഭിക്കുന്നില്ല. വലിയ വിമാനങ്ങൾ സർവീസ് നടത്താനെത്തിയാൽ കയറ്റുമതി വർധിക്കും. കണ്ണൂരിനോട് തൊട്ടുകിടക്കുന്ന വയനാട്, കുടക് പ്രദേശങ്ങളിലെ കാർഷികോത്പന്നങ്ങളുടെ കയറ്റുമതിക്കും ഇത് നേട്ടമുണ്ടാകും. മേഖലയിലെ കാർഷിക, വ്യാവസായിക മേഖലകൾക്ക് ഇത് വലിയ കുതിച്ചുചാട്ടത്തിനുള്ള അവസരം ഒരുക്കുമെന്ന് അവർ പറഞ്ഞു.
മുംബൈയിൽനിന്ന് ഈയിടെ ദുബായിലേക്ക് ആരംഭിച്ച എയർ ഇന്ത്യയുടെ മൂന്നാമത്തെ ഡ്രീം ലൈനർ വിമാന സർവീസ് കണ്ണൂർ വഴി തിരിച്ചുവിട്ടാൽ യാത്രക്കാരുടെ കാര്യത്തിലും ചരക്ക് നീക്കത്തിലും എയർ ഇന്ത്യക്ക് കൂടുതൽ നേട്ടമുണ്ടാക്കാനാവും. കേവലം 45 മിനിറ്റിന്റെ അധികസമയം മാത്രമാണ് ഇതിനായി വേണ്ടിവരുന്നത്. ഗൾഫ് നാടുകളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ കണ്ണൂരിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെ സത്വര നടപടികളുണ്ടാവണം.
വിദേശരാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് കേന്ദ്രസർക്കാർ അനുവദിച്ച തത്സമയ വിസ സൗകര്യം കണ്ണൂർ വിമാനത്താവളത്തിലും ലഭ്യമാക്കണം. കണ്ണൂരിൽനിന്ന് കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് ആഭ്യന്തര സർവീസുകളും ആരംഭിക്കണം. ഏതാനും ചില നഗരങ്ങളിലേക്ക് മാത്രമാണ് ഇപ്പോൾ ആഭ്യന്തര സർവീസുകളുള്ളൂ. കണ്ണൂരിനെ സ്വന്തം ഹബ് ആക്കി മാറ്റിയ ഗോ എയർ വിമാനക്കമ്പനി പുതിയ വിദേശ സർവീസുകൾ ലഭിക്കുന്ന മുറയ്ക്ക് ആഭ്യന്തര സർവീസുകൾ ഒഴിവാക്കുകയാണ്. കൂടുതൽ വിമാനക്കമ്പനികൾക്ക് ആഭ്യന്തര സർവീസുകൾ നടത്താൻ അനുമതി നൽകണം. ഹജ്ജ് തീർഥാടകർക്കുള്ള എംബാർക്കേഷൻ പോയന്റായും കണ്ണൂർ വിമാനത്താവളം പരിഗണിക്കപ്പെടണം. ഇക്കാര്യങ്ങൾ അനുവദിച്ചുകിട്ടാനായി ഡൽഹിയിലും സമ്മർദം ശക്തമാക്കുമെന്ന് അവർ അറിയിച്ചു.
സംഘാടക സമിതി ചെയർമാൻ അബ്ദുൾ ലത്തീഫ്, കെ.എസ്.എ, വൈസ് പ്രസിഡന്റ് അബ്ദുൾഖാദർ പനക്കാട്ട്, ആസ്റ്റർ മിംസ് ഡയറക്ടർ വി.പി. ഷറഫുദ്ദീൻ, കൺവീനർമാരായ അഡ്വ. ടി.കെ. ആഷിഖ്, ടി.പി. സുധീഷ്, കെ.പി. അൻസാരി എന്നിവർ സംബന്ധിച്ചു.
Content Highlights: Kannur airport development