അബുദാബി/അമ്മാന്‍: അട്ടിമറിശ്രമം തകര്‍ത്ത ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈന് പിന്തുണ വാഗ്ദാനംചെയ്ത് ഗള്‍ഫ് രാജ്യങ്ങള്‍. സൗദി, ഖത്തര്‍, യു.എ.ഇ., കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും ജി.സി.സി.യും അറബ് ലീഗും അബ്ദുല്ല രാജാവിന് പിന്തുണയുമായി രംഗത്തെത്തി.

അട്ടിമറിശ്രമം ആരോപിച്ച് മുന്‍ കിരീടാവകാശി ഹംസ ബിന്‍ ഹുസൈന്‍ രാജകുമാരനെ ശനിയാഴ്ചയാണ് ജോര്‍ദാന്‍സൈന്യം വീട്ടുതടങ്കലിലാക്കിയത്. രാജകുടുംബാംഗങ്ങളും ഗോത്രവിഭാഗങ്ങളും രാഷ്ട്രീയനേതാക്കളും സുരക്ഷാഉദ്യോഗസ്ഥരും വിദേശസഹായത്തോടെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതായി ജോര്‍ദാന്‍ ഉപപ്രധാനമന്ത്രി അയ്മാന്‍ സഫാദി പറഞ്ഞു. ആരോപണങ്ങള്‍ ഹംസ രാജകുമാരന്‍ നിഷേധിച്ചിട്ടുണ്ട്.

ഗോത്രനേതാക്കളെ സന്ദര്‍ശിച്ച ഹംസ രാജകുമാരന്‍ അവര്‍ക്ക് പിന്തുണ ഉറപ്പുനല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് സൈന്യം അദ്ദേഹത്തെ തടവിലാക്കിയത്. അട്ടിമറിശ്രമം ആരോപിച്ച് ഇരുപതിലധികം പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

മുന്‍ ധനമന്ത്രി ബാസിം ഇബ്രാഹിം അവദല്ലാ, രാജകുടുംബാംഗം ഹസന്‍ബിന്‍ സയീദ് അടക്കം ഒട്ടേറെ പ്രമുഖരെ സൈന്യം തടവിലാക്കിയെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഹംസ രാജകുമാരനെ അറസ്റ്റുചെയ്തിട്ടില്ലെന്നും രാജ്യത്തിന്റെ സുരക്ഷയെ തകര്‍ക്കരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് സൈന്യം വിശദീകരിക്കുന്നു.