അബുദാബി: തുർക്കിയിൽ കോടിക്കണക്കിനുരൂപയുടെ തട്ടിപ്പുനടത്തി നാട്ടിലേക്ക് മുങ്ങിയ മലയാളിക്കെതിരേ അന്വേഷണം തുടങ്ങി. ലുലു ഗ്രൂപ്പിന്റെ തുർക്കി ഇൗസ്താംബൂളിലെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന തൃശ്ശൂർ ചെറുതുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളമാണ് തുർക്കിയിൽനിന്ന് നാട്ടിലേക്ക് കടന്നത്.

അനീഷിന്റെപേരിലുള്ള ക്രിമിനൽ പരാതിയിൽ ഇൗസ്താംബൂൾ പബ്ലിക് പ്രോസിക്യൂഷനാണ് അന്വേഷണം ആരംഭിച്ചത്. വിശ്വാസവഞ്ചന, ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഖ്യാതിക്ക് നിയമപരമല്ലാത്ത മാർഗത്തിലൂടെ കളങ്കമേൽപ്പിച്ചു എന്നിവയാണ് പരാതിയിൽ പറഞ്ഞിട്ടുള്ള കുറ്റങ്ങൾ. ഇയാൾക്കെതിരേ തുർക്കിയിൽ അറസ്റ്റ്‌വാറണ്ട് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനും കൈമാറിയിട്ടുണ്ട്.

പത്തുവർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലിചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇൗസ്താംബൂളിലെത്തിയത്. ലുലു ഇൗസ്താംബൂൾ ഓഫീസിലെ മാർക്കറ്റിങ് മാനേജരായി ജോലിചെയ്യവേ സ്വന്തംനിലയ്ക്ക് വിതരണക്കാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടരലക്ഷം യു.എസ്.ഡോളറിന്റെ (ഏകദേശം രണ്ടുകോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്.

വാർഷികാവധിക്ക് ഇയാൾ നാട്ടിലേക്കുപോയ സമയത്താണ് ഈ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്ക് വ്യക്തമായ വിവരം ലഭിക്കുന്നത്. അവധികഴിഞ്ഞ് തിരികെ ഇൗസ്താംബൂളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫീസിലെത്തി അന്വേഷണത്തിന് വിധേയനാകാൻ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന വ്യാജേനയാണ് അനീഷ് നാട്ടിലേക്ക് രക്ഷപ്പെട്ടത്. അനീഷിനെതിരേ ഇൗസ്താംബൂൾ പോലീസ്, ഇന്ത്യൻ എംബസി എന്നിവയിൽ പരാതി നൽകിയ വിവരം ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറാണ് അറിയിച്ചത്.