ഷാർജ: വിസ്മയിപ്പിക്കുന്ന കലാസൃഷ്ടികളുടെ ധാരാളം പ്രദർശനങ്ങൾ യു.എ.ഇ.യിലുടനീളം നടന്നുവരാറുണ്ട്. എന്നാൽ കുട്ടികൾ കളിക്കാനുപയോഗിക്കുന്ന ലീഗോ ബ്രിക്സുകൾ ഉപയോഗിച്ച് എല്ലാ പ്രായക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നൊരു ട്രാവൽ ബ്രിക്സ് എക്സിബിഷൻ ഇതാദ്യമായി ഷാർജ അൽ മജാസ് വാട്ടർഫ്രണ്ടിൽ ഒരുങ്ങിയിരിക്കുന്നു.

10 ലക്ഷത്തോളം ലീഗോ ബ്രിക്സുകൾ ഉപയോഗിച്ച് വിമാനങ്ങൾ, കപ്പലുകൾ തുടങ്ങി 88 മാതൃകകളാണ് തയ്യാറാക്കിയിരിക്കുന്നത്. ബോയിങ് 747-ഉം ടൈറ്റാനിക്കിന്റെ ഏഴ് മീറ്ററിലുള്ള പകർപ്പും പ്രദർശനത്തിലുണ്ട്.

സന്ദർശകർക്ക് ലീഗോ ബ്രിക്സുകൾ ഉപയോഗിച്ച് സൃഷ്ടികൾ ഉണ്ടാക്കാനുള്ള അവസരവും ഉണ്ടാകും. ലോകമെമ്പാടുമുള്ള കല, സംസ്കാരം, സർഗാത്മകത എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് അൽ മജാസ് വാട്ടർഫ്രണ്ട്. ഇത് വിനോദസഞ്ചാരികൾക്കും താമസക്കാർക്കും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് അൽ മജാസ് വാട്ടർഫ്രണ്ട് ജനറൽ മാനേജർ മർവ ഒബയ്ദ് അൽ ഷംസി പറഞ്ഞു. ഏഴ് മുതൽ 16 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായി വിവിധ സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. മാർച്ച് ഒന്നുവരെ എല്ലാദിവസവും വൈകീട്ട് നാല് മുതൽ രാത്രി 10 മണിവരെയാണ് പ്രവേശനം.

Content Hihligt: International Lego bricks Exhibition sharjah