അബുദാബി: യു.എ.ഇ.യുടെ രണ്ടാമത്തെ വലിയ വാണിജ്യപങ്കാളിയാണ് ഇന്ത്യ. 31 ബില്യൺ ഡോളറിന്റെ കയറ്റുമതിയും 29 ബില്യൺ ഡോളറിന്റെ ഇറക്കുമതിയുമായി 60 ബില്യൺ ഡോളറിന്റെ വാണിജ്യഇടപാടുകളാണ് ഇപ്പോൾ ഇന്ത്യയ്ക്ക് യു.എ.ഇ.യുമായുള്ളത്. ഇത് 100 ബില്യൺ ഡോളറിലേക്ക്‌ വർധിപ്പിക്കുകയാണ് ലക്ഷ്യം. ലോകത്ത് ഏറ്റവും മുൻനിരയിലുള്ള അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി അടിസ്ഥാനസൗകര്യ വികസനം, പുനരുത്പാദന ഊർജമേഖല, ഗൃഹനിർമാണം എന്നീ മേഖലകളിൽ ഇന്ത്യയിൽ വലിയ നിക്ഷേപമാണ് നടത്തുന്നത്. ലുലു ഗ്രൂപ്പ്, ബി.ആർ.എസ്. വെഞ്ചേഴ്‌സ്, അഡ്‌നോക്ക്, ഡി.പി. വേൾഡ് മുബാദല തുടങ്ങിയ സ്ഥാപനങ്ങൾ ഇന്ത്യയിൽ വലിയ നിക്ഷേപങ്ങളാണ് നടത്തുന്നത്.

യു.എ.ഇ. പൗരന്മാർക്ക് ഇന്ത്യയിൽ വരാനും പോകാനുമുള്ള മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ചതും ഇന്ത്യ-യു.എ.ഇ. ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ ചികിത്സയും വിനോദസഞ്ചാരവും ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ ബിസിനസുകാർക്ക് മാത്രമല്ല ടൂറിസ്റ്റുകൾക്കും ആരോഗ്യമേഖലയെ ആശ്രയിക്കുന്നവർക്കും വിദ്യാർഥികൾക്കും ഏറെ ഗുണം ചെയ്യും.

ഇന്ത്യയിൽനിന്ന് ടൂറിസ്റ്റ് വിസയിൽ യു.എ.ഇ.യിൽ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 33 ലക്ഷം ഇന്ത്യക്കാരാണ് ഇപ്പോൾ യു.എ.ഇ.യിലുള്ളത്. യു.എ.ഇ.യിലെത്തുന്ന വിദേശസന്ദർശകരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനം ഇപ്പോൾ ഇന്ത്യക്കാരാണ്. കൂടാതെ കേരളത്തിൽനിന്ന്‌ ഏറ്റവും കൂടുതൽ പേർ പോകുന്ന വിദേശരാജ്യമാണ് യു.എ.ഇ. അബുദാബി അന്താരാഷ്ട്ര വിമാനത്തവാളത്തിൽ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരെ മാലയിട്ട് സ്വീകരിച്ചത് ഇന്ത്യക്കാർക്കുള്ള സ്വീകാര്യതയുടെ ഹൃദയസ്പർശിയായ ഉദാഹരണമാണ്.

യു.എ.ഇ.യിലെ വിദേശനിക്ഷേപകരുടെ കാര്യമെടുത്താലും ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം യു.എ.ഇ.സന്ദർശനം ഇന്ത്യ-യു.എ.ഇ. വാണിജ്യബന്ധങ്ങളിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കും. ഏറ്റവും വലിയ സിവിലിയൻ ബഹുമതി സ്വീകരിക്കാനാണ് അദ്ദേഹം വന്നതെങ്കിലും അബുദാബി എമിറേറ്റ് പാലസിൽ ബിസിനസ് സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. റുപേ കാർഡ് അവതരിപ്പിച്ചതിലൂടെ പഴയബന്ധങ്ങളുടെ പുതിയ അധ്യായമാണ് ആരംഭിക്കുന്നത്.