ദുബായ്: ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിബന്ധനകള്‍ പ്രവാസികള്‍ക്ക് ഇരട്ടപ്രഹരമായി. യു.എ.ഇ.യില്‍നിന്ന് നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ 72 മണിക്കൂറിനകമുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ഫലം കൈയിലുണ്ടായിരിക്കണം എന്നതാണ് പുതിയ ചട്ടം. ഇതുപ്രകാരം യു.എ.ഇ.യില്‍ 150 ദിര്‍ഹം (ഏകദേശം 3000 രൂപ) നല്കി കോവിഡ് പരിശോധന നടത്തണം. നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ത്തന്നെ 1800 വരെ രൂപ ചെലവിട്ട് വീണ്ടും പരിശോധന നടത്തണം.
72 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ഫലം കൈയിലുള്ളവര്‍ക്ക് വന്നിറങ്ങുമ്പോള്‍ത്തന്നെ വീണ്ടും പരിശോധന നടത്തണമെന്ന് ചുരുക്കം. പിന്നീട് ഏഴുദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് വീണ്ടും കോവിഡ് പരിശോധന നടത്തണം. അധികദിവസം നാട്ടില്‍ നില്‍ക്കുന്ന ഒരുപ്രവാസിയെ സംബന്ധിച്ച് തിരിച്ചുകയറുമ്പോള്‍ നാലാമതും പരിശോധന നടത്തേണ്ടിവരുന്നു. ചുരുക്കത്തില്‍ നാലോ അഞ്ചോ പേരടങ്ങുന്ന ഒരു ഇടത്തരം കുടുംബം ഇപ്പോള്‍ നാട്ടിലേക്ക് പോയാലുണ്ടാകുന്ന ആര്‍.ടി.പി.സി.ആര്‍. ചെലവുതന്നെ വലിയൊരു തുക വരും.
ഇതുവരെ യു.എ.ഇ.യില്‍നിന്ന് നാട്ടിലേക്കുപോകുന്നതിന് കോവിഡ് പരിശോധന ആവശ്യമുണ്ടായിരുന്നില്ല. നാട്ടില്‍ചെന്ന് ക്വാറന്റീന്‍ കഴിഞ്ഞശേഷമാണ് പരിശോധന നടത്തിയിരുന്നത്.
കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുള്ളവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കണമെന്നത് പ്രവാസികള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. മാത്രമല്ല, 'എയര്‍ സുവിധ' ആപ്പില്‍ പുറപ്പെടുന്നതിനുമുമ്പ് രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ കാലതാമസം നേരിടുന്നതായും പരാതിയുണ്ട്.
Content Highlight; India makes Covid-19 negative certificate mandatory for entry