അബുദാബി: ഇൻഷുറൻസ് പരിരക്ഷയുണ്ടോയെന്ന് നോക്കാതെ രോഗികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ചികിത്സ നൽകണമെന്ന് അബുദാബി ആരോഗ്യവകുപ്പ് നിർദേശം നൽകി. പണത്തിന്റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കാനോ, വൈകിപ്പിക്കാനോ പാടില്ല. എമിറേറ്റിലെ മുഴുവൻ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച സർക്കുലർ നൽകി. അബുദാബിയിലെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളും അടിയന്തര സാഹചര്യത്തിലെത്തുന്ന രോഗികളെ ഇൻഷുറൻസ് കവറേജ് പരിഗണിക്കാതെ പ്രവേശിപ്പിക്കാൻ ബാധ്യസ്ഥരാണ്. വർഷങ്ങളായി ഇക്കാര്യം അബുദാബിയിൽ നിലവിലുണ്ടെങ്കിലും കൂടുതൽ കർശനമാക്കാനാണ് തീരുമാനം.

ഇൻഷുറൻസ് കാലാവധി തീർന്നതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ട എട്ട് വയസ്സുകാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പിന്റെ കർശനനിർദേശം. അൽഐനിലെ രണ്ട് ആശുപത്രികളാണ് എട്ട് വയസ്സുകാരന് ചികിത്സ നിഷേധിച്ചത്. പിതാവിന്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ദുബായിലെ ആരോഗ്യ ഇൻഷുറൻസ് മെച്ചപ്പെടുത്തും

ദുബായ്: ദുബായിലെ സർക്കാർ ആശുപത്രികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആരോഗ്യ ഇൻഷുറൻസ് മെച്ചപ്പെടുത്തുന്നതിനുമുള്ള ഒട്ടേറെ പദ്ധതികൾക്ക് അംഗീകാരം. ആരോഗ്യപരിരക്ഷ ഏകീകരിക്കാൻ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഉത്തരവിട്ടത്. ഡോക്ടറുടെ കുറിപ്പില്ലാതെത്തന്നെ ഇൻഷുറൻസ് ലഭിക്കാനുള്ള സാധ്യതയും പരിശോധിക്കും. കൂടാതെ ആരോഗ്യമേഖലയിൽ കുറഞ്ഞ നിരക്കിൽ സേവനം, സർക്കാർ നിയമങ്ങൾ കൂടുതൽ ലളിതമാക്കുക, ആരോഗ്യ സംരക്ഷണ ദാതാക്കളുടെ സേവനങ്ങൾ സമന്വയിപ്പിക്കുക, സാമ്പത്തികമായി പിന്നാക്കമുള്ള വിഭാഗങ്ങൾക്ക് ആരോഗ്യ പരിരക്ഷ തുടങ്ങിയവയും പദ്ധതിയിലുണ്ട്. ദുബായ് ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഉപാധ്യക്ഷനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‌റെ സാന്നിധ്യത്തിലായിരുന്നു യോഗം.