ഷാർജ: 37 വർഷത്തിനുശേഷം ഷാർജയിൽ പ്രകൃതിവാതകശേഖരം കണ്ടെത്തി. മഹാനി വൺ പര്യവേക്ഷണക്കിണർ 14,597 അടി ആഴത്തിൽ കുഴിച്ചെത്തിയപ്പോഴാണ് പ്രകൃതിവാതകത്തിന്റെ വൻശേഖരം കണ്ടെത്തിയത്. ഇവിടെ പ്രതിദിനം 500 ലക്ഷം ഘനയടി വാതകം ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷ. ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷനും(എസ്.എൻ.ഒ.സി.) ഇറ്റാലിയൻ പങ്കാളിയായ ഇ.എൻ.ഐ.യും ചേർന്നാണ് പുതിയ പ്രകൃതിവാതകകേന്ദ്രം കണ്ടെത്തിയ വിവരം പുറത്തുവിട്ടത്.

ചരിത്രപരമായ ഈ കണ്ടെത്തൽ ഷാർജയുടെ സാമ്പത്തികസ്രോതസ്സുകൾ മെച്ചപ്പെടുത്തുമെന്നും യു.എ.ഇ.യുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുമെന്നും ഷാർജ ഉപഭരണാധികാരിയും ഷാർജ ഓയിൽ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ കാസിമി പറഞ്ഞു. ഷാർജ വ്യവസായമേഖലയ്ക്കും ഇത് ഗുണംചെയ്യും.

ഈ കണ്ടെത്തൽ ഷാർജയെ ഒരു സുരക്ഷിത ആഗോള സാമ്പത്തികമേഖലയായും പ്രദേശത്തെ പ്രധാന വാതകവിതരണകേന്ദ്രമായും മാറ്റുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മഹാനി വൺ എസ്.എൻ.ഒ.സി. നടത്തുന്ന ആദ്യത്തെ പര്യവേഷണക്കിണറാണ്‌.

Content Highlights: New gas field discovered in Sharjah