അബുദാബി: ജുബൈൽ ദ്വീപിൽ അഞ്ഞൂറുകോടി ദിർഹത്തിന്റെ വമ്പൻ നിർമാണ പദ്ധതി നടപ്പാക്കുന്നു. ആറായിരത്തോളം ആളുകൾക്ക് താമസിക്കാവുന്ന സൗകര്യങ്ങൾ ഉൾപ്പെടുന്ന ആറ് കേന്ദ്രങ്ങളടങ്ങുന്നതാണ് പദ്ധതി. സാദിയാത്ത് ദ്വീപിനോട് ചേർന്ന് കാര്യമായ വികസനങ്ങൾ ഒന്നും നടക്കാത്ത ഭാഗമാണിത്. അടുത്ത മൂന്ന് വർഷത്തിനിടയിൽ അബുദാബിയിലെ പ്രധാന താമസകേന്ദ്രമാക്കി ദ്വീപിനെ മാറ്റുകയാണ് ലക്ഷ്യം.

എണ്ണൂറോളം ഭവനങ്ങൾ, സ്‌കൂൾ, ബീച്ച് ഹോട്ടൽ, ക്ലബ്ബ്, സൂപ്പർമാർക്കറ്റ്, ഭക്ഷണശാലകൾ, നഗരകേന്ദ്രം എന്നിവയെല്ലാം ഇവിടെ ഉയരും. പദ്ധതിയുടെ ആദ്യഘട്ടം 2021-ഓടെ പൂർത്തിയാവുമെന്ന് ജുബൈൽ ഐലന്റ് നിക്ഷേപ കമ്പനി വ്യക്തമാക്കി. 2022-ഓടെ പദ്ധതി പൂർത്തിയാവും. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ ശില്പികളും വിദഗ്ദരുമാണ് നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. യാസ് ഐലന്റും സാദിയാത് ഐലന്റും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കടന്നുപോകുന്നതല്ലാതെ വേറെ പ്രധാനപ്പെട്ട നിർമ്മിതികൾ ഒന്നും തന്നെ ഇവിടെയില്ല.

അബുദാബി പരിസ്ഥിതി ഏജൻസിയുടെ മേൽനോട്ടത്തിലുള്ള കണ്ടൽക്കാടുകളും അതുമായി ബന്ധപ്പെട്ട ഒരു ആവാസവ്യവസ്ഥയും മാത്രമാണ് ഇവിടെയുള്ളത്. പ്രകൃതിയോട് പൂർണമായും ഇണങ്ങിയുള്ള ഒരു ആവാസ കേന്ദ്രമാണ് ഇവിടെ നിർമിക്കുകയെന്ന് ഡെവലപ്പറായ ഹമദ് റാഷിദ് അൽ നുഐമി പറഞ്ഞു.

Contemt Highlights: Huge Infra Structural Program came to  Al Jubail Island