അബുദാബി: സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിൽ സന്ദർശകപ്രവാഹം. വർഷാവസാനമായതോടെ കുട്ടികളും കുടുംബവുമായി നിരവധിപേരാണ് അൽ വത്ബയിലെ പൈതൃകാഘോഷ നഗരിയിൽ എത്തിച്ചേരുന്നത്. നല്ല കാലാവസ്ഥയോടൊപ്പം മേളയുടെ ഭാഗമായുള്ള ക്രിസ്മസ്‌ പുതുവത്സര പരിപാടികളും സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നു.

അറബ് പരമ്പാരാഗത നൃത്തത്തിനൊപ്പം മൊറോക്കൻ, ഈജിപ്ഷ്യൻ നൃത്ത രൂപങ്ങളും അരങ്ങേറുന്നുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള വാദ്യസംഘങ്ങൾ പരിപാടികളവതരിപ്പിക്കുന്നുണ്ട്. ഓരോ രാജ്യക്കാരും അവരവരുടെ തനത് വാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നത്. അവരുടെ താളത്തിനനുസരിച്ച് ചുവടുവെക്കാൻ സന്ദർശകർക്കും അവസരമുണ്ട്. വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വിൽപ്പനയും തകൃതിയാണ്. മാളുകളിലും ആഭരണശാലകളിലും ലഭിക്കാത്തതരം സാധനങ്ങൾ ആളുകളിൽ കൗതുകം ജനിപ്പിക്കുന്നു. തണുപ്പ് കൂടുന്നതോടെ ഇവിടെ പരമ്പരാഗത ശൈലിയിൽ കൈകൊണ്ട് നെയ്യുന്ന കമ്പിളി ത്തുണികൾക്കും പുതപ്പുകൾക്കും ഇനി ആവശ്യക്കാരേറും. തുകൽ ഉത്പന്നങ്ങൾക്കും ആവശ്യക്കാരേറെയാണ്. തണുപ്പിൽ കുതിര, ഒട്ടക സവാരികൾ നടത്താനുള്ള അവസരവും ഇവിടെയുണ്ട്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രയോഗമടക്കമുള്ള പലതരം പരിപാടികളാണ് വരുംദിവസങ്ങളിൽ നടക്കുക. ജനുവരി 26 വരെയാണ് ഫെസ്റ്റിവൽ.